പൂജപ്പുരയെ വിട്ടുപോകുന്നു പൂജപ്പുര രവി, അടുത്ത രംഗം മറയൂരില്‍

തിരുവനന്തപുരം : സിനിമയുടെ ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് കാലം മുതലേ കേള്‍ക്കുന്ന പേരാണ് പൂജപ്പുര രവി എന്നത്, പൂജപ്പുരയെ സ്വന്തം പേരിനോടു ചേര്‍ത്ത് മലയാളികളുടെ മനസില്‍ ഇടംപിടിച്ച നടന്‍ പൂജപ്പുര രവി ഇനി പൂജപ്പുരയിലുണ്ടാവില്ല.

പൂജപ്പുര ചെങ്കള്ളൂര്‍ കൈലാസ് നഗറില്‍ ജനിച്ചുവളര്‍ന്ന കുടുംബവീടിനു സമീപം 40 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച വീട്ടില്‍ നിന്നാണ് മൂന്നാര്‍ മറയൂരിലേക്ക് മകള്‍ ലക്ഷ്മിയുടെ കുടുംബത്തോടൊപ്പം അദ്ദേഹം പോകുന്നത്.

മലയാള സിനിമയുടെ വഴിമാറ്റത്തിനൊപ്പം സഞ്ചരിച്ച നടനാണ് രവീന്ദ്രന്‍ നായരെന്ന പൂജപ്പുര രവി. വേലുത്തമ്ബി ദളവ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തില്‍ അരങ്ങേറ്റം. പിന്നീട് ജഗതി എന്‍.കെ.ആചാരിയുടെ കലാനിലയത്തിലെ സ്ഥിരം സാന്നിദ്ധ്യമായി. പൂജപ്പുരയിലെ വീട്ടില്‍ ഒപ്പമുണ്ടായിരുന്ന മകന്‍ ഹരികുമാര്‍ അയര്‍ലന്‍ഡിലേക്ക് പോകുന്നതിനാലാണ് ജനിച്ചുവളര്‍ന്ന നാടും വീടും വിട്ട് അദ്ദേഹം ഇടുക്കിയിലേക്ക് ചേക്കേറുന്നത്.

ഭാര്യ തങ്കമ്മ ആറുവര്‍ഷം മുന്‍പ് മരിച്ചു.വീട്ടില്‍ തനിച്ചാക്കാന്‍ മക്കള്‍ക്കും താത്പര്യമില്ല. അദ്ദേഹത്തിന് യാത്രാ മംഗളങ്ങള്‍ നേരാന്‍ ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാനും സുഹൃത്തുമായ പ്രേംകുമാര്‍ വീട്ടിലെത്തി. സിനിമയില്‍ രവിയെ ശ്രദ്ധേയനാക്കിയത് അമ്മിണി അമ്മാവന്‍ എന്ന ചിത്രത്തിലെ വേഷമാണ്. 2016ല്‍ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. ആരോഗ്യപരമായകാരണങ്ങളാല്‍ പിന്നീട് ഓഫറുകള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

Advertisement