രാഹുൽ ഗാന്ധിയുടെ പേരിൽ മലനടയിൽ അൻപൊലിപ്പറ സമർപ്പണം,വിഡിയോ

ശാസ്താംകോട്ട : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിയുടെ പേരിൽ ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ കൊല്ലം പോരുവഴി പെരുവിരുത്തി മലനടയിൽ അൻപൊലിപ്പറ സമർപ്പിച്ചു.രാഹുൽ ഗാന്ധിയുടെ ആയുരാരോഗ്യത്തിനും രാജ്യത്ത് കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുന്നതിനും വേണ്ടിയാണ് അൻപൊലിപ്പറ സമർപ്പണം നടത്തിയത്.

12 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന പള്ളിപ്പാന മഹാകർമ്മത്തിന്റെ ഭാഗമായി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇടയ്ക്കാട് കരയുടെ പറയിടീൽ ചടങ്ങിനോട് അനുബന്ധിച്ച് ഇടയ്ക്കാട് വടക്ക് ഉമ്മാശ്ശേരിൽ അമ്മൂമ്മക്കാവ് ദേവീക്ഷേത്രത്തിൽ നിന്ന് ഇന്ന് രാവിലെ പറ ആരംഭിച്ചപ്പോഴാണ് അൻപൊലിപ്പറ സമർപ്പണം നടന്നത്.രാഹുൽ ഗാന്ധി, തൃക്കേട്ട,ഭാരത് ജോഡോ യാത്ര എന്ന പേരിൽ രസീത് എഴുതിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഇടയ്ക്കാട് രതീഷ് പറ സമർപ്പിച്ചത്. ‘ഭാരത് ജോഡോ യാത്ര’യുടെ 101-ാം ദിനത്തിലാണ് പറസമർപ്പണം നടത്തിയത്.

ഡിസംബർ 19 ന് പള്ളിപ്പാനയുടെ മുന്നോടിയായുള്ള പറയിടീൽ സമാപിക്കും.2023 ഫെബ്രുവരി 24 മുതൽ മാർച്ച് 7 വരെയാണ് മലനടയിൽ ആയിരക്കണക്കിന് ഭക്തർ എത്തുന്ന പള്ളിപ്പാന കർമം നടക്കുന്നത്.

Advertisement