അത്താഴം കഴിക്കേണ്ട കൃത്യമായ സമയം ഏതെന്നറിയാമോ?

പകല്‍ സമയത്തെ തിരക്കുകളെല്ലാം ഒഴിഞ്ഞ് വീട്ടുകാരെല്ലാം ഒരുമിച്ചിരിക്കുന്നത് മിക്കവാറും അത്താഴത്തിനാകും. അത്താഴം എത്ര മണിക്ക് കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം എന്നത് സംബന്ധിച്ച് പലര്‍ക്കും പല അഭിപ്രായങ്ങളാണ്. പൊതുവേ രാത്രി ഏഴുമണിക്കുള്ളില്‍ അത്താഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് പറയാറുണ്ട്. അപ്പോള്‍ ഏഴുമണിയാണോ അത്താഴത്തിന് ഏറ്റവും മികച്ച സമയം.
പക്ഷേ പോഷകാഹാര വിദഗ്ധര്‍ പറയുന്നത് അങ്ങനെ അത്താഴം കഴിക്കുന്നതിന് ഏറ്റവും നല്ല സമയം എന്നൊരു സമയം ഇല്ലെന്നാണ്. സമയത്തേക്കാളുപരി എന്താണ് കഴിക്കുന്നതെന്നും എങ്ങനെയാണ് കഴിക്കുന്നതെന്നുമാണ് പ്രധാനപ്പെട്ട കാര്യങ്ങളെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.

എന്തുകൊണ്ടാണ് അത്താഴ സമയം പ്രാധാന്യമുള്ളതാകുന്നത്
വിദഗ്ധര്‍ പറയുന്നത്, വ്യക്തിപരമായ മുന്‍ഗണനകള്‍, സംസ്‌കാരിക ഘടകങ്ങള്‍, ജീവിതശൈലി, വ്യക്തിപരമായ ആരോഗ്യം, എന്നിവ കണക്കിലെടുക്കുമ്പോള്‍ പലര്‍ക്കും അത്താഴത്തിന് ഉചിതമായ സമയം പലതായിരിക്കുമെന്നാണ്. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ഉചിതമായ സമയം കണക്കാക്കാന്‍ സാധിക്കില്ലെങ്കിലും ഓരോ വ്യക്തികളും അവരവരുടെ അത്താഴ സമയം എപ്പോള്‍ വേണമെന്ന് നിശ്ചയിക്കുന്നതിന് കണക്കിലെടുക്കേണ്ട ചില ഘടകങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

നിങ്ങളുടെ ദിനചര്യ
ദിവസത്തിന്റെ പ്ലാനിംഗ് കണക്കിലെടുത്ത് വേണം ആളുകള്‍ അത്താഴസമയം തീരുമാനിക്കാന്‍. രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം 5 മണി വരെ ജോലി ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തി നേരത്തേ ഭക്ഷണം കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും നിങ്ങള്‍. എന്നാല്‍ രാത്രി വൈകി ജോലിയുള്ളവരും രാത്രി ഷിഫ്റ്റുകള്‍ എടുക്കുന്നവരും രാത്രി മറ്റെന്തെങ്കിലും കാര്യങ്ങള്‍ ഉള്ളവരും അതിനനുസരിച്ച് അവരുടെ അത്താഴ സമയം ക്രമീകരിക്കും.

ശരീരത്തിന്റെ ആവശ്യം
രാത്രി എട്ടുമണിക്കും ഒമ്പതുമണിക്കും ഇടയില്‍ അത്താഴം കഴിച്ചേ മതിയാകൂ എന്ന നിയമമൊന്നും എവിടെയുമില്ല. അതേസമയം ഒരു വ്യക്തിയുടെ ശരീരം ആവശ്യപ്പെടുന്ന രീതിയില്‍ ഭക്ഷണം കഴിക്കണം. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുക എന്ന രീതിയാണ് നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു. അങ്ങനെ ചെയ്യുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും പിന്നീട് ദഹനപ്രശ്നങ്ങള്‍ നേരിടുന്നത് ഒഴിവാക്കാനും സാധിക്കും.

കുടുംബം
കുടുംബം ഒത്തുകൂടുന്ന സമയമാണ് പലപ്പോഴും അത്താഴ സമയം. വീട്ടിലുള്ളവര്‍ പരസ്പരം സംസാരിക്കുന്നതും അന്നത്തെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതും അത്താഴസമയത്തായിരിക്കും. അതുകൊണ്ട് പലപ്പോഴും പ്രിയപ്പെട്ടവരുടെ സമയത്തിനനുസരിച്ച് അത്താഴസമയം നിശ്ചയിക്കേണ്ടതായി വരും.

ഭാരം കുറയ്ക്കല്‍
ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കലാണ് അതിനായി ആദ്യം ചെയ്യുന്ന കാര്യങ്ങളില്‍ ഒന്ന്. അതുകൊണ്ടുതന്നെ അവര്‍ ഭക്ഷണസമയങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കുന്നു. പഠനങ്ങള്‍ അഭിപ്രായപ്പെടുന്നത് ശരീരം മെലടോണിന്‍ പുറപ്പെടുവിക്കുകയും ഉറക്കത്തിനായി തയ്യാറെടുക്കുകയും ചെയ്യുന്നതിന് കുറച്ച് മുമ്പേ ആയിരിക്കണം അത്താഴമെന്നാണ്. സൂര്യപ്രകാശത്തിനനുസരിച്ചാണ് ശരീരം മെലാടോണിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇരുട്ടാകുമ്പോള്‍ ശരീരം ഉറക്കത്തിലേയ്ക്ക് വഴുതിവീഴാന്‍ ആഗ്രഹിക്കും.

നിങ്ങള്‍ക്ക് യോജിച്ച അത്താഴസമയം എങ്ങനെ കണ്ടെത്തും
അത്താഴം കഴിക്കാന്‍ നിങ്ങള്‍ ഏതുസമയം തിരഞ്ഞെടുത്താലും കിടക്കുന്നതിന് മുമ്പ് അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മാത്രമല്ല ഭക്ഷണം, പ്രത്യേകിച്ച് അത്താഴം കഴിക്കുന്നതിന് ഇനിപ്പറയുന്ന തരത്തില്‍ ചില ചിട്ടകള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക
*യഥാര്‍ത്ഥത്തില്‍ വിശക്കുന്നത് എപ്പോഴാണെന്ന് മനസ്സിലാക്കല്‍
*വേണ്ട അളവില്‍ ഭക്ഷണം കഴിക്കല്‍
*വയറ് നിറയുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കല്‍

എന്തുകൊണ്ടാണ് 7 മണി അത്താഴത്തിന് ഉചിതമായ സമയമാണെന്ന് പറയുന്നത്
ശരീരത്തിലെ ജൈവ ഘടികാരം ഉള്‍പ്പടെ നിരവധി ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഏഴുമണി അത്താഴത്തിന് ഉചിതമായ സമയമായി പറയപ്പെടുന്നത്. എന്നിരുന്നാലും ഏഴുമണിക്ക് മുമ്പ് ആഹാരം കഴിച്ചാലും ഉറങ്ങുന്നതിന് മുമ്പ് ആഹാരം ദഹിക്കാന്‍ മതിയായ സമയം ലഭിക്കും.

Advertisement