കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന കണ്ണിയിലെ പ്രധാനികളായ യുവാവും കാമുകിയും പിടിയിൽ
ശാസ്താംകോട്ട:കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പടെയുള്ള രാസലഹരികൾ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാനികളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു.ഫെബ്രുവരിയിൽ 23ഗ്രാം എംഡിഎംഎയുമായി മൈനാഗപ്പള്ളി ഐസിഎസ് ജംഗ്ഷനിൽ നിന്നും യുവതിയെ പിടികൂടിയിരുന്നു.ഈ കേസിൽ രണ്ടാം പ്രതിയായ ഷംനാദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ബംഗ്ലൂരിൽ തെളിവെടുപ്പിന് കൊണ്ടു പോയപ്പോൾ ഇയ്യാൾക്ക് രാസലഹരി കൈമാറിയ സംഘത്തിലെ മൂന്ന് പേരെ പിടികൂടിയിരുന്നു.ഇവരിൽ രണ്ട് പേർ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളും മറ്റൊരാൾ കർണാടക ഷിമോഗ സ്വദേശിയുമായിരുന്നു.ഇവരെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് കയറ്റി അയക്കുന്ന സംഘത്തിലെ അംഗങ്ങൾ പിടിയിലായത്.
കൊല്ലം മുണ്ടയ്ക്കൽ അദ്വൈതം വീട്ടിൽ അദ്വൈത (27),കണ്ണൂർ പറശ്ശിനിക്കടവ് സൽവ മൻസിലിൽ മുഹമ്മദ് സിജാഹ് (32) എന്നിവരാണ് പിടിയിലായത്.സംസ്ഥാനത്തേക്ക് ഇവർ വർഷങ്ങളായി വൻ തോതിൽ രാസലഹരി കയറ്റുമതി ചെയ്യുന്നുണ്ടായിരുന്നു.സിജാഹിനെ മുൻപും പോലീസ് പിടികൂടിയിട്ടുള്ള പ്രതിയാണ്.ഇയ്യാൾ മൂന്ന് എൻഡിപിഎസ് കേസുകളിൽ പ്രതിയാണ്.തിരുവനന്തപുരം അമരവിളയിൽ 75 ഗ്രാം എംഡിഎംഎ
പിടികൂടിയ കേസിലും കണ്ണൂരിലും ഇരിട്ടിയിലും എംഡിഎംഎ എക്സൈസ് പിടികൂടിയ കേസിലും സിജാഹിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ബംഗ്ലൂരിൽ റേഡിയോളജി വിദ്യാർത്ഥിനിയാണ് അദ്വൈത.കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദിപിന്റെ മേൽനോട്ടത്തിൽ ശാസ്താംകോട്ട പ്രസാദ്,ശാസ്താംകോട്ട എസ്എച്ച്ഒ മൃദുൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ ശരത് കെ.പി,എഎസ്ഐ ബിജു കെ.ആർ,സിപിഒമാരായ അഖിൽ ചന്ദ്രൻ,ഫൈസൽ,വിപിൻ കുമാർ,വുമൺ
സിപിഒ അഞ്ചു എന്നിവർ ചേർന്നാണ് വ്യാജ പേരിൽ ഫ്ലാറ്റ് എടുത്ത് താമസിക്കുകയായിരുന്ന കമിതാക്കളായ പ്രതികളെ ബംഗ്ലൂരിൽ നിന്നും പിടികൂടിയത്




































