വിമാനം ഇറങ്ങി അരമണിക്കൂറിനുള്ളില്‍ യാത്രക്കാരന് ലഗേജ് നൽകണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍

വിമാനം ഇറങ്ങി അരമണിക്കൂറിനുള്ളില്‍ ചെക്ക്ഡ് ഇന്‍ ലഗേജ് യാത്രക്കാരന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍. ഫെബ്രുവരി 26നകം ഇത് നടപ്പാക്കണമെന്നും സിവില്‍ വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ കത്തില്‍ പറയുന്നു.
വിമാനത്തിന്റെ എഞ്ചിന്‍ ഓഫാക്കി പത്തുമിനിറ്റിനകം യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെല്‍റ്റിലെത്തിക്കണം. തുടര്‍ന്ന് മുഴുവന്‍ ചെക്ക്ഡ് ഇന്‍ ലഗേജും 30 മിനിറ്റിനുള്ളില്‍ യാത്രക്കാരന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നു.
ലഗേജ് വൈകുന്നുവെന്നുള്ള യാത്രക്കാരുടെ പരാതികള്‍ സ്ഥിരമായതിനെത്തുടര്‍ന്നാണ് ഇടപെടല്‍.

Advertisement