ഗൂഗിൾ പിരിച്ചുവിട്ടവർക്ക് ജോലി നൽകി ചാറ്റ്ജി.പി.ടി ഉടമകളായ ഓപൺഎ.ഐ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്ബോട്ടായ ചാറ്റ്ജി.പി.ടിക്ക് ജന്മം നൽകിയ സ്റ്റാർട്ടപ്പാണ് ഓപ്പൺഎ.ഐ. മൈക്രോസോഫ്റ്റിന് കോടികളുടെ നിക്ഷേപമുള്ള കമ്പനി, ഗൂഗിളും മെറ്റയും (META) പിരിച്ചുവിട്ട ജീവനക്കാരെ ജോലിക്കെടുത്താണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. തങ്ങളുടെ സെർച്ച് എൻജിന് വെല്ലുവിളിയാകുമെന്ന് ഗൂഗിൾ ഭയക്കുന്ന വൈറൽ ചാറ്റ്ബോട്ടാണ് ചാറ്റ്ജി.പി.ടി. ഗൂഗിൾ പിരിച്ചുവിട്ട ജീവനക്കാർ തന്നെ അതിൽ ഇനി പ്രവർത്തിക്കുമ്പോൾ, ടെക് ഭീമന് വലിയ തിരിച്ചടിയാകും നേരിടേണ്ടിവരിക.

LeadGenius, Punks & Pinstripes എന്നിവയിൽ നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് ബിസിനസ് ഇൻസൈഡർ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ഓപ്പൺഎ.ഐ-യിൽ നിലവിൽ 59 മുൻ ഗൂഗിൾ ജീവനക്കാരും 34 മുൻ മെറ്റാ ജീവനക്കാരുമുണ്ട്. 200-ലധികം ജീവനക്കാരുള്ള ഓപ്പൺഎ.ഐ, നിരവധി മുൻ ആപ്പിൾ, ആമസോൺ ജീവനക്കാരെയും നിയമിച്ചിരുന്നു.

അതുപോലെ, ഗൂഗിൾ, മെറ്റാ, ആപ്പിൾ ഉൾപ്പെടെയുള്ള ബിഗ് ടെക് കമ്പനികളുടെ മുൻ ജീവനക്കാരാണ് ഓപ്പൺഎഐയുടെ നേതൃത്വത്തിൽ കൂടുതലും ഉൾപ്പെട്ടിരിക്കുന്നതെന്നും ഇൻസൈഡർ റിപ്പോർട്ടിൽ പറയുന്നു.

ഗൂഗിളിൽ നിന്നും മെറ്റയിൽ നിന്നും പിരിച്ചുവിട്ടവരെ ഓപ്പൺഎ.ഐ ജോലിക്കെടുക്കുന്നത് ടെക് ഭീമൻമാർക്ക് ഒരു തിരിച്ചറിവായി മാറണമെന്ന് Punks & Pinstripes സി.ഇ.ഒ ആയ ഗ്രെഗ് ലാർകിൻ പറഞ്ഞു. വലിയ ടെക് കമ്പനികൾ പ്രത്യേകിച്ച് ഗൂഗിൾ ജീവനക്കാരിൽ കാര്യമായ നിക്ഷേപം നടത്തുന്നില്ല എന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രതിഭയുള്ള ഒരുപാടുപേർ ആൽഫബെറ്റ് എക്സ് പോലുള്ള ഇന്നൊവേഷൻ ലാബുകളിൽ രണ്ടാം നിര ഉൽപ്പന്നങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. തങ്ങളുടെ ജോലി കമ്പനിയുടെ പ്രധാന ഉൽപ്പന്നങ്ങളിലോ വരുമാനത്തിലോ കാര്യമായ സ്വാധീനം ചെലുത്തുന്നതായി അവർക്ക് അനുഭവപ്പെടുന്നില്ല എന്നതാണ് സത്യം’. -അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement