ചര്‍മരോഗത്തിനുള്ള മരുന്ന് അമിതമായ മദ്യപാനത്തെ തടയുമെന്ന് കണ്ടെത്തല്‍

Advertisement

സാധാരണ ചര്‍മരോഗങ്ങളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് മദ്യപാനത്തിന് അടിമകളായവരെ ചികിത്സിക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തല്‍. അപ്രെമിലാസ്റ്റ് എന്ന ഈ മരുന്ന് ഉപയോഗിച്ചവരുടെ മദ്യപാനശീലം പാതിയായി(ദിവസം അഞ്ച് ഡ്രിങ്കില്‍ നിന്ന് രണ്ട് ഡ്രിങ്ക്) കുറയ്ക്കാന്‍ സാധിച്ചതായി അമേരിക്കയിലെ ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.

സോറിയാസിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ് എന്നിവയ്‌ക്കെല്ലാം എതിരെ ഉപയോഗിക്കുന്ന ഒരു ആന്റി-ഇന്‍ഫ്‌ളമേറ്ററി മരുന്നാണ് എഫ്ഡിഎ അംഗീകാരമുള്ള അപ്രെമിലാസ്റ്റ്. മദ്യപാനത്തിന് യാതൊരു ചികിത്സയും സ്വീകരിച്ചിട്ടില്ലാത്ത 51 പേരില്‍ 11 ദിവസക്കാലത്തേക്കാണ് പരീക്ഷണം നടത്തിയത്. എലികളിലും മനുഷ്യരിലും ഇത് പരീക്ഷിച്ച് തെളിയിച്ചതായി ഗവേഷകര്‍ പറയുന്നു. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഇന്‍വെസ്റ്റിഗേഷനിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

എന്നാല്‍ കൂടുതല്‍ പഠനങ്ങള്‍ ഈ വിഷയത്തില്‍ നടത്തേണ്ടതുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോ കോള്‍ട്ടര്‍ ഗ്രിഗ്‌സ്‌ബൈ പറഞ്ഞു. മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം ഓരോ വര്‍ഷവും അമേരിക്കയിലെ 95,000 പേര്‍ മരിക്കുന്നതായാണ് കണക്ക്. ഇന്ത്യയും ഇക്കാര്യത്തില്‍ പിന്നിലല്ല. കരള്‍ രോഗം, അര്‍ബുദം, റോഡ് അപകടങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടെ ഇന്ത്യയില്‍ ഒരു വര്‍ഷം 2.6 ലക്ഷം മദ്യപാന അനുബന്ധ മരണങ്ങള്‍ സംഭവിക്കുന്നതായി 2018ല്‍ ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ആന്റാബ്യൂസ്, അകംപ്രോസേറ്റ്, നാല്‍ട്രെക്‌സോണ്‍ എന്നീ മരുന്നുകള്‍ മദ്യപാനാസക്തി നിയന്ത്രിക്കാനായി നിലവില്‍ അമേരിക്കയില്‍ ഉപയോഗിച്ച് വരുന്നുണ്ട്.

Advertisement