കൃത്യസമയത്ത് സ്ഥാനമൊഴിയുന്നതും നല്ല നേതാവിന്റെ ഗുണം: കോലി

ന്യൂഡൽഹി∙ കൃത്യസമയത്ത് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതും നല്ലൊരു നേതാവിന്റെ ലക്ഷണവും നേതൃഗുണത്തിന്റെ ഭാഗവുമാണെന്ന് മുൻ ഇന്ത്യൻ താരം വിരാട് കോലി. ക്യാപ്റ്റൻസിക്കും ഒരു നിശ്ചിത സമയവും കാലയളവും ബാധകമാണെന്ന് കോലി ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് കോലി നേതൃഗുണങ്ങളെക്കുറിച്ചും ടീം പശ്ചാത്തലത്തെക്കുറിച്ചും സംസാരിച്ചത്. ധോണിക്കു കീഴിൽ ഒരു സാധാരണ കളിക്കാരനായിരുന്ന കാലത്തുപോലും ടീമിന്റെ വിജയത്തിനായി താൻ ക്യാപ്റ്റനേപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നതായി കോലി അനുസ്മരിച്ചു.

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം തികച്ചും അപ്രതീക്ഷിതമായി രാജിവച്ചതിനു പിന്നാലെയാണ് വിരാട് കോലി ഈ പരാമർശങ്ങൾ നടത്തിയതെന്നത് ശ്രദ്ധേയം. ഏഴു വർഷത്തോളം കാലം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ചതിനു പിന്നാലെയാണ് ട്വന്റി20, ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനം ഘട്ടംഘട്ടമായി കോലി ഒഴിഞ്ഞത്. 68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോലി, 40 ടെസ്റ്റുകളിലും ടീമിന് വിജയം സമ്മാനിച്ചു. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻമാരിൽ ഒരാളെന്ന പരിവേഷം സ്വന്തമാക്കിയാണ് കോലി സ്ഥാനമൊഴിഞ്ഞത്.

‘നോക്കൂ, കരിയറിലായാലും ജീവിതത്തിലായാലും എന്താണ് ലക്ഷ്യമെന്നതിനെക്കുറിച്ച് വ്യക്തമായൊരു ധാരണ വേണം. പിന്നീട് അത് നേടാനുള്ള വ്യക്തമായ പദ്ധതി വേണം. എല്ലാറ്റിനും ഒരു സമയപരിധിയും കാലയളവുമുണ്ട്. ക്യാപ്റ്റൻസിക്കുമുണ്ട്. അത് മനസ്സിലാക്കിയേ തീരൂ. ബാറ്ററെന്ന നിലയിൽ തുടർന്നും ടീമിനു കൂടുതൽ സംഭാവനകൾ നൽകാനാകുമെങ്കിൽ അതിൽ അഭിമാനിക്കുകയല്ലേ വേണ്ടത്’ – കോലി ചോദിച്ചു.

‘ഒരു യഥാർഥ നേതാവാകാൻ ക്യാപ്റ്റനാകണമെന്ന് യാതൊരു നിർബന്ധവുമില്ല. ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ ശേഷം ധോണി ടീമിലുണ്ടായിരുന്ന സമയത്തും ഞങ്ങൾ അദ്ദേഹത്തെ നേതാവിനേപ്പോലെ തന്നെയാണ് കണ്ടത്. ഞങ്ങൾക്കെല്ലാം അദ്ദേഹത്തിന്റെ മാർഗനിർദ്ദേശങ്ങളും ഉപദേശങ്ങളും ആവശ്യമായിരുന്നു’ – കോലി ചൂണ്ടിക്കാട്ടി.

‘മത്സരത്തിൽ ജയവും തോൽവിയും നമ്മുടെ കൈകളിലല്ല. ഏറ്റവും മികച്ചത് സ്വന്തമാക്കുന്നതും ചെയ്യുന്ന കാര്യങ്ങളിൽ പരിപൂർണ മികവ് പ്രകടിപ്പിക്കുന്നതും കുറഞ്ഞ സമയം കൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ല. നമ്മൾ രൂപപ്പെടുത്തുന്ന ശൈലികളും സംസ്കാരവും നമ്മൾ സജീവ ക്രിക്കറ്റിൽ നിന്നും ഉത്തരവാദിത്തങ്ങളിൽനിന്നും മാറിയാലും നിലനിൽക്കും’ – കോലി ചൂണ്ടിക്കാട്ടി.

‘ഇതിനൊപ്പം ഒരു കാര്യം കൂടി പറയാം. നേതൃസ്ഥാനത്തുനിന്ന് കൃത്യസമയത്ത് പിൻവാങ്ങുന്നതും നല്ലൊരു നേതൃഗുണമാണെന്ന് ഞാൻ കരുതുന്നു. ടീമിന്റെ കുതിപ്പിന് ചിലപ്പോൾ വ്യത്യസ്ത ദിശയിൽ സഞ്ചരിക്കേണ്ടിവരും. ടീം അതുവരെ ചേർത്തുപിടിച്ച മൂല്യങ്ങളിൽ അടിയുറച്ചുനിന്നുകൊണ്ടുതന്നെയാകും ഈ ദിശാ മാറ്റം. അപ്പോഴും വ്യത്യസ്തമായ റോളിലാണെങ്കിലും ടീമിനായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്കാകും’ – കോലി ചൂണ്ടിക്കാട്ടി.

Advertisement