വിസ്മയ കേസിൽ പ്രോസിക്യൂഷനെ ഞെട്ടിച്ച് കിരണിന്‍റെ പിതാവിന്‍റെ മൊഴി

കൊല്ലം. വിസ്മയ കേസിൽ പ്രോസിക്യൂഷനെ ഞെട്ടിച്ച് കിരണിന്‍റെ പിതാവിന്‍റെ മൊഴി. പ്രതി കിരണിന്റെ പിതാവ് കേസിലെ 11 ആം സാക്ഷിയായ സദാശിവൻ പിള്ള കൂറു മാറിയതായി വിചാരണ കോടതി പ്രഖ്യാപിച്ചു.
ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് മൊഴി നൽകിയതോടെയാണ് പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

വിസ്മയ മരിച്ച രാത്രിയിൽ കിരണും വിസ്മയയും തമ്മിൽ വഴക്കുണ്ടായെന്നാണ് കിരണിന്റെ പിതാവ് പൊലീസിന് നൽകിയ മൊഴി. ഉത്തരത്തിൽ നിന്ന് കെട്ടഴിച്ച് നിലത്തു കിടത്തിയ നിലയിലാണ് വിസ്മയയെ കണ്ടതെന്നും സദാശിവൻ പിള്ള വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ഈ മൊഴി കോടതിയിലെ വിചാരണ വേളയിൽ സദാശിവൻ പിള്ള തള്ളിക്കളഞ്ഞു. വിസ്മയ കുളിമുറിയിൽ തൂങ്ങി നിൽക്കുന്നതാണ് താൻ കണ്ടതെന്നും കിരണും താനും ചേർന്നാണ് കെട്ടഴിച്ച് വിസ്മയയെ നിലത്തിട്ടതെന്നുമാണ് കോടതിയിൽ സദാശിവൻ പിള്ള നൽകിയ മൊഴി. പിന്നീട് കട്ടിലിൽ നിന്ന് വിസ്മയ എഴുതിയ ആത്മഹത്യ കുറിപ്പ് കിട്ടിയെന്നും സദാശിവൻ പിള്ള മൊഴി നൽകി. ഈ കുറിപ്പ് താൻ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കൈമാറിയെന്നും പിള്ള കോടതിയിൽ പറഞ്ഞു.

എന്നാൽ ഈ കത്ത് കൈമാറിയ പൊലീസുകാരന്റെ പേരോ മറ്റു വിവരങ്ങളോ അറിയില്ലെന്നാണ് കോടതിയിൽ കിരണിന്റെ പിതാവ് പറഞ്ഞത്. ഇതോടെ സദാശിവൻ പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. വിസ്മയ മരിച്ച ശേഷം നാളിതു വരെയും ഇങ്ങനെയൊരു ആത്മഹത്യ കുറിപ്പിനെ പറ്റി കിരണിന്റെ കുടുംബാംഗങ്ങളാരും പറഞ്ഞിരുന്നില്ല . കിരണിനെ കേസിൽ നിന്ന് രക്ഷപ്പെടുത്താനായി പുതുതായി ഉണ്ടാക്കിയ കെട്ടുകഥയാണ് ഈ ആത്മഹത്യ കുറിപ്പ് എന്ന നിലപാടിലാണ് പ്രോസിക്യൂഷൻ .

Advertisement