ടി20 ലോകകപ്പില്‍ വിരാട് കോഹ്ലി ഉണ്ടാകുമോ?… തീര്‍ച്ചയായും ടീമിന് വേണമെന്ന് രോഹിത്ത്

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ വിരാട് കോഹ്ലി കളിക്കില്ലെന്ന വാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. സൂപ്പര്‍താരം വിരാട് കോഹ്ലി ഇന്ത്യന്‍ ടീമില്‍ ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ രോഷാകുലരാക്കിയിരുന്നു. തുടര്‍ന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ സെലക്ടര്‍മാരെ ചീത്തവിളിക്കാന്‍ തുടങ്ങിയത്. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറേയും ബിസിസിഐ സെക്രട്ടറി ജയ് ഷായേയും വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം കോഹ്ലി തീര്‍ച്ചയായും ഉണ്ടാകണമെന്ന നിലപാടെടുത്തിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഇന്ത്യന്‍ നായകന്‍ തന്റെ ആവശ്യം ബിസിസിഐയെ അറിയിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
നേരത്തെ കോഹ്ലിയുടെ ബാറ്റിങ് ശൈലി ടി20 ക്രിക്കറ്റിന് അനുയോജ്യമല്ലെന്നാണ് ബിസിസിഐ വിലയിരുത്തിയത്. എന്നാല്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം രോഹിത്തിനോട് ചോദിച്ചു. എന്ത് വിലകൊടുത്തും വിരാട് കോഹ്ലിയെ ഇന്ത്യന്‍ ടീമില്‍ വേണമെന്നാണ് രോഹിത് മറുപടി പറഞ്ഞത്.
മുന്‍ ഇന്ത്യന്‍ താരം കീര്‍ത്തി ആസാദാണ് ഇക്കാര്യം ആദ്യമായി സമൂഹമാധ്യങ്ങളില്‍ കുറിച്ചത്. ‘വിരാട് കോഹ്ലിയെ ഒഴിവാക്കാന്‍ ജയ് ഷായ്ക്ക് അവകാശമില്ല. അജിത്ത് അഗാര്‍ക്കറിന് ഒറ്റയ്ക്ക് ആ തീരുമാനം എടുക്കാന്‍ കഴിയില്ല. രോഹിത് ശര്‍മ്മ പറഞ്ഞതു പ്രകാരം കോഹ്ലി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉണ്ടാകും,’ കീര്‍ത്തി ആസാദ് കുറിച്ചു.

Advertisement