ഏകദിനത്തിൽ ഇരട്ടസെഞ്ചറിയുമായി ഇഷാൻ

ധാക്ക: വൈറ്റ് വാഷ് ഒഴിവാക്കാൻ ബംഗ്ലദേശിനെതിരെ പൊരുതാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണിങ് ബാറ്റർ ഇഷാൻ കിഷന്റെ അമ്പരിപ്പിക്കുന്ന പ്രകടനത്തിന്റെ ബലത്തിൽ കൂറ്റൻ സ്കോർ. 131 പന്തിൽ 210 റൺ സ്വന്തം പേരിൽ കുറിച്ച ഇഷാൻ പുരുഷൻമാരുടെ ഏകദിനത്തിൽ ഇരട്ടസെഞ്ചറി നേടുന്ന ലോകത്തിൽ ഏഴാമത്തെയും ഇന്ത്യയുടെ നാലാമത്തെയും ബാറ്റർ എന്ന നേട്ടമാണ് കൈവരിച്ചത്. 24 ഫോറുകളും 10 സിക്സറുകളും അടങ്ങുന്നതാണ് ഇഷാൻ കിഷാന്റെ മാസ്‍മരിക ബാറ്റിങ്. കന്നിസെഞ്ചറി കുറിച്ചതിനു തൊട്ടുപിന്നാലെ ബാറ്റിങ്ങിന് വേഗം കൂട്ടിയ ഇഷാൻ ബംഗ്ലദേശ് ബോളർമാരെ നിരന്തരം അതിർത്തി കടത്തി.

91 പന്തിൽ 113 റൺസ് എടുത്ത വിരാട് കോലി ഇഷാൻ കിഷന് മികച്ച പിന്തുണ നൽകി. ഏറ്റവും വേഗതയേറിയ ഇരട്ടസെഞ്ചറിയെന്ന റെക്കോർഡും ഇഷാൻ സ്വന്തം പേരിൽ എഴുതി. പിന്നിലായത് സാക്ഷാൽ ക്രിസ് ഗെയിൽ. 2015 ലെ ലോകകപ്പിൽ 138 പന്തിൽ നിന്നാണ് ഗെയിൽ ഇരട്ടസെഞ്ചറി നേടിയെങ്കിൽ ഇഷാന് 126 പന്തുകളെ വേണ്ടിവന്നുള്ളു. ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 409 റൺസ് എടുത്തു.

സച്ചിൻ തെൻഡുൽക്കർ, വീരേന്ദ്രൻ സേവാഗ്‌, രോഹിത്‌ ശർമ എന്നിവരാണ് ഇഷാനു മുൻപ് ഏകദിനത്തിൽ ഇരട്ടസെഞ്ചറി നേടിയ ഇന്ത്യൻ ബാറ്റർമാർ. ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്‌റ്റിൽ, വെസ്‌റ്റിൻഡീസിന്റെ ക്രിസ്‌ ഗെയ്‌ൽ, പാക്കിസ്ഥാന്റെ ഫഖർ സമാൻ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങൾ. രോഹിത് ശർമ്മയ്ക്ക് മാത്രമാണ് ഒന്നിൽ കൂടുതൽ ഇരട്ടസെഞ്ചറിയുള്ളത്. മൂന്ന്‌ തവണ രോഹിത്‌ ഇരുന്നൂറ്‌ കടന്നു.

തുടക്കത്തിലെ ഓപ്പൺ ശിഖർ ധവാനെ ( 8 പന്തിൽ 3 റൺസ്) മെഹിദി ഹസ്സൻ എൽബിയിൽ കുടുക്കിയെങ്കിലും ഇഷാൻ കിഷനും മുതിർന്ന താരം വിരാട് കോലിയും പരുക്കുകൾ ഇല്ലാതെ ഇന്ത്യയെ മുന്നോട്ടുനയിക്കുകയായിരുന്നു. മുൻ മത്സരങ്ങളിൽ തീർത്തും നിറംമങ്ങിപ്പോയ ഇന്ത്യൻ ബാറ്റിങ് നിരയുടെ ഉയിർത്തെഴുന്നേൽപ്പാണ് മൂന്നാം ഏകദിനത്തിൽ കണ്ടത്. പരുക്കേറ്റ രോഹിത് ശർമയ്ക്ക് പകരം ടീമിൽ എത്തിയ ഇഷാൻ വീണുകിട്ടിയ അവസരം കൃത്യമായി പ്രയോജനപ്പെടുത്തുകയായിരുന്നു. ശ്രേയസ് അയ്യർ( ആറ് പന്തിൽ മൂന്ന്), കെ.എൽ രാഹുൽ(10 പന്തിൽ 8), വാഷിങ്ടൻ സുന്ദർ (27 പന്തിൽ 37), അക‌്സർ പട്ടേൽ( 17 പന്തിൽ 20), ഷർദൂൽ താക്കൂർ( 5 പന്തിൽ മൂന്ന്), കുൽദീപ് യാദവ്( 3 പന്തിൽ 3), മുഹമ്മദ് സിറാജ് (രണ്ട് പന്തിൽ പൂജ്യം).

പ്ലെയിങ് ഇലവൻ ഇന്ത്യ– ശിഖർ ധവാൻ, ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ (ക്യാപ്റ്റൻ– വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദർ, അക്സർ പട്ടേൽ, ഷർദൂൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്.

പ്ലെയിങ് ഇലവൻ– ബംഗ്ലദേശ്– അനമുൽ ഹഖ്, ലിറ്റൻ ദാസ് (ക്യാപ്‌റ്റൻ), ഷാക്കിബ് അൽ ഹസൻ, യാസിർ അലി, മുഷ്ഫിഖുർ റഹീം (വിക്കറ്റ് കീപ്പർ), , മഹമ്മദുല്ല,,അഫീഫ് ഹുസൈൻ,മെഹിദി ഹസ്സൻ മിറാസ്, എബാദത്ത് ഹൊസൈൻ, മുസ്തഫിസുർ റഹ്മാൻ, തസ്കിൻ അഹമ്മദ്

ഇന്ത്യയ്ക്കെതിരായ പരമ്പര തൂത്തുവാരി ചരിത്രമെഴുതുകയെന്ന ലക്ഷ്യത്തോടെയാണ് ബംഗ്ലദേശ് കളിക്കളത്തിൽ ഇറങ്ങിയത്. രണ്ടാം ഏകദിനത്തിൽ സെഞ്ചറി നേടിയ മെഹ്‌ദി ഹസൻ മിറാഷിന്റെ ഉജ്വല ഫോമിലാണ് ടീമിന്റെ പ്രതീക്ഷ. പരമ്പരയിലെ മികവ് 14ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ‌ ബംഗ്ലദേശിന്റെ ആത്മവിശ്വാസം വർധിപ്പിക്കും.

Advertisement