അമുസ്ലിംകൾക്ക് വ്യക്തിനിയമം പ്രഖ്യാപിച്ച്‌ യു.എ.ഇ

ദുബായ്: രാജ്യത്ത് താമസിക്കുന്ന പ്രവാസികളായ അമുസ്ലിംകൾക്ക് വ്യക്തിനിയമം അനുവദിച്ച്‌ യു.എ.ഇ. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം എന്നീ വിഷയങ്ങളിൽ വ്യക്തിഗത പദവി അനുവദിക്കുന്ന ഫെഡറൽ നിയമം അടുത്ത വർഷം ഫെബ്രുവരി മുതലാണ് നിലവിൽ വരിക.

വിവാഹകരാറുകൾ നിയമപരമാക്കാനും കോടതിക്ക് മുമ്പിൽ ഹാജരായി വിവാഹമോചനം തേടാനും പുതിയ നിയമത്തിലൂടെ സാധ്യമാകും. വിവാഹ മോചനത്തിന് ശേഷമുള്ള സാമ്പത്തിക തർക്കങ്ങൾ, കുട്ടികളുടെ സംരക്ഷണം, മരണശേഷമുള്ള അനന്തരാവകാശം എന്നിവയിലെല്ലാം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരമാണ് കോടതികൾ വിധി പ്രസ്താവിക്കുക. 2021 നവംബർ മുതൽ അബൂദബി എമിറേറ്റിൽ നടപ്പിലാക്കിയ നിയമമാണ് ഫെബ്രുവരി മുതൽ രാജ്യത്തെ ഫെഡറൽ നിയമമായി മാറുന്നത്.

ലോകമെമ്പാടുമുള്ള പ്രതിഭകളെ ആകർഷികുന്നതിന് നടപ്പാക്കുന്ന വിവിധ നടപടികളുടെ ഭാഗമായും നിയമസംവിധാനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമാണ് പരിഷ്കരണം നടപ്പാക്കുന്നത്. അതേസമയം ഈ നിയമമല്ലാത്ത രാജ്യം അംഗീകരിച്ച മറ്റു നിയമങ്ങളിലെ വ്യവസ്ഥകളനുസരിച്ചും വ്യക്തി, കുടുംബ കാര്യങ്ങളിൽ തീർപ്പിലെത്താൻ അനുവാദമുണ്ടായിരിക്കും.

Advertisement