ശബ്ദത്തിൽ മാറ്റം; ചിലപ്പോൾ ഇതാകാം കാരണം

Advertisement

കഴുത്തിൽ തൊണ്ടമുഴയ്ക്ക് താഴെ കാണപ്പെടുന്ന ചിത്രശലഭത്തിൻറെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ഹൃദയതാളത്തെയും രക്തസമ്മർദത്തെയും ശരീരോഷ്മാവിനെയും ഭാരത്തെയും നിയന്ത്രിക്കാൻ കഴിയുന്ന ഹോർമോണുകൾ തൈറോയ്ഡ് ഉൽപാദിപ്പിക്കുന്നു. തൈറോയ്ഡിനുണ്ടാകുന്ന അർബുദം ആദ്യമൊന്നും ചിലപ്പോൾ ലക്ഷണങ്ങൾ പുറത്തു കാട്ടിയെന്നു വരില്ല. എന്നാൽ അർബുദം വളരുന്നതോടെ കഴുത്തിൽ നീര്, ശബ്ദ വ്യതിയാനം, ആഹാരം വിഴുങ്ങാൻ ബുദ്ധിമുട്ട് തുടങ്ങിയ പല പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടാം.

അർബുദം ആരംഭിക്കുന്ന കോശങ്ങളുടെ അടിസ്ഥാനത്തിൽ പല തരത്തിലുള്ള തൈറോയ്‍ഡ് അർബുദങ്ങൾ ഉണ്ട്.

  1. പാപ്പിലറി തൈറോയ്ഡ് കാൻസർ

80 ശതമാനം തൈറോയ്ഡ‍് അർബുദങ്ങളും പാപ്പിലറി തൈറോയ്ഡ് കാൻസറായിരിക്കും. ഈ അർബുദം വളരെ പതിയെയാണ് വളരുന്നത്. കഴുത്തിലെ ലിംഫ് നോഡുകളിലേക്ക് ഇവ പടരാൻ സാധ്യതയുണ്ടെങ്കിലും രോഗചികിത്സയോട് ഇവ നന്നായി പ്രതികരിക്കുന്നു. ചികിത്സിച്ച് മാറ്റാവുന്നതും മരണ സാധ്യത കുറഞ്ഞതുമായ അർബുദമാണ് പാപ്പിലറി തൈറോയ്ഡ് കാൻസർ.

  1. ഫോളിക്യുലാർ തൈറോയ്ഡ് കാൻസർ

15 ശതമാനം തൈറോയ്ഡ് അർബുദങ്ങൾ ഈ വിഭാഗത്തിൽപ്പെട്ടതാകാം. എല്ലുകളിലേക്കും ശ്വാസകോശം പോലുള്ള അവയവങ്ങളിലേക്കും ഈ അർബുദം പടരാൻ സാധ്യതയുണ്ട്. പാപ്പിലറി അർബുദത്തെ അപേക്ഷിച്ച് ഈ അർബുദം കൂടുതൽ വെല്ലുവിളികൾ ഉയർത്തുന്നു.

  1. മെഡുല്ലറി തൈറോയ്ഡ് കാൻസർ

രണ്ട് ശതമാനം തൈറോയ്ഡ് അർബുദങ്ങളും മെഡുല്ലറി തൈറോയ്ഡ് കാൻസറാണ്. ഇത് ബാധിക്കപ്പെടുന്നവരിൽ നാലിലൊന്നും ഈ അർബുദത്തിൻറെ കുടുംബചരിത്രമുള്ളവരായിരിക്കും. ജനിതക പ്രശ്നമാണ് ഈ അർബുദത്തിലേക്ക് നയിക്കുന്നത്.

  1. അനപ്ലാസ്റ്റിക് തൈറോയ്ഡ് കാൻസർ

ചികിത്സിക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ മാരകമായ അർബുദമാണ് ഇത്. വളരെ വേഗം വളരുന്ന ഈ അർബുദം സമീപ കോശങ്ങളിലേക്കും അവയവങ്ങളിലേക്കും പെട്ടെന്നു പടരുന്നു. രണ്ട് ശതമാനം തൈറോയ്ഡ് അർബുദങ്ങളും ഈ അപൂർവ അർബുദമാകാം.

കഴുത്തിൽ വളരുന്ന മുഴ, നീർക്കെട്ട്, കഴുത്തിന് മുന്നിൽ നിന്ന് ചെവി വരേക്കും പടരുന്ന വേദന, ശബ്ദവ്യതിയാനം, ആഹാരം വിഴുങ്ങാൻ ബുദ്ധിമുട്ട്, ശ്വസിക്കാൻ ബുദ്ധിമുട്ട്, ജലദോഷം മൂലമല്ലാത്ത വിട്ടുമാറാത്ത ചുമ എന്നിവയെല്ലാം തൈറോയ്ഡ് അർബുദത്തിൻറെ പൊതുവേയുള്ള ലക്ഷണങ്ങളാണ്. അർബുദം മറ്റ് കോശങ്ങളിലേക്ക് പടരുന്നതോടെ വിശപ്പില്ലായ്മ, മനംമറിച്ചിൽ, ഛർദ്ദി, അകാരണമായ ഭാരനഷ്ടം പോലുള്ള ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടാം.

ഗോയിറ്റർ, തൈറോയ്ഡ് രോഗത്തിൻറെയോ അർബുദത്തിൻറെയോ കുടുംബചരിത്രം, തൈറോയ്ഡ് ഗ്രന്ഥി വീർക്കൽ, ജനിതക വ്യതിയാനങ്ങൾ, അയഡിൻ ആവശ്യത്തിന് കഴിക്കാതിരിക്കൽ, അമിതവണ്ണം, കുട്ടിക്കാലത്തെ റേഡിയേഷൻ തെറാപ്പി, അണ്വായുധങ്ങളോ ആണവോർജ്ജ കേന്ദ്രമോ മൂലമുള്ള റേഡിയോആക്ടീവ് സമ്പർക്കം എന്നിവയെല്ലാം തൈറോയ്ഡ് അർബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. ശസ്ത്രക്രിയ, റേഡിയോ അയഡിൻ തെറാപ്പി, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ഹോർമോൺ തെറാപ്പി തുടങ്ങിയ മാർഗങ്ങളിലൂടെ തൈറോയ്ഡ് അർബുദത്തെ ചികിത്സിക്കാം.

Advertisement