ട്വിറ്റർ 150 കോടി അക്കൗണ്ടുകൾ നീക്കം ചെയ്യുന്നു

Advertisement

ന്യൂയോർക്ക്: ഉള്ളടക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനുമായി ദീർഘകാലമായി സജീവമല്ലാത്ത 150 കോടി അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്ന് ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് പ്രഖ്യാപിച്ചു. വൈകാതെ തന്നെ 150 കോടി ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്ന് മസ്‌ക് ട്വീറ്റിലൂടെയാണ് അറിയിച്ചത്.

വ്യാജമോ നിഷ്‌ക്രിയമോ ആയ അക്കൗണ്ടുകൾ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കും. ഏറെക്കാലമായി നിഷ്‌ക്രിയമായിരിക്കുന്നതും ഒന്നും പോസ്‌റ്റ് ചെയ്യാത്തതുമായ അക്കൗണ്ടുകൾക്ക് ഇത് ബാധകമായിരിക്കും. എന്നാൽ, നിഷ്‌ക്രിയ അക്കൗണ്ടുകളുടെ പരിധിയിൽ വരുന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ഉപയോഗത്തിലില്ലാത്ത അക്കൗണ്ടുകൾ നീക്കം ചെയ്യുന്നത് ട്വിറ്ററിൽ വൻ മാറ്റംകൊണ്ടുവരുമെന്നാണ് കരുതുന്നത്. നിഷ്‌ക്രിയ അക്കൗണ്ടുകളെല്ലാം നീക്കം ചെയ്യാൻ എത്ര സമയമെടുക്കുമെന്ന് ഇതുവരെ അറിവായിട്ടില്ല. പ്ലാറ്റ്‌ഫോമിന്റെ ഉപയോക്തൃ അനുഭവം മൊത്തത്തിൽ മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന നിരവധി ട്വിറ്റർ ഉപയോക്താക്കളും ഈ നീക്കത്തെ പിന്തണക്കുന്നുണ്ട്.

അതേസമയം, ഈ നീക്കം കൃത്യമായ വിവരങ്ങൾ നൽകിയിട്ടുള്ള ചില ഉപയോക്താക്കൾക്ക് അക്കൗണ്ടുകൾ നഷ്ടപ്പെടുന്നതിന് കാരണമായേക്കാമെന്ന ആശങ്കയുമുണ്ട്. ട്വിറ്ററിനെയും ഉപയോക്താക്കളെയും ദീർഘകാലാടിസ്ഥാനത്തിൽ ഈ നീക്കം എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ചും വ്യക്തതയില്ല.

നിഷ്‌ക്രിയ അക്കൗണ്ടുകൾ നീക്കുന്നത് സജീവ ഉപയോക്താക്കളെ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ ട്വിറ്റർ മുൻകരുതലുകൾ എടുക്കുമെന്നാണ് മസ്‌ക് പറഞ്ഞത്. ആളുകൾക്ക് അവരുടെ അക്കൗണ്ടുകൾ നീക്കുന്നതിന് മുൻപ് സമയപരിധി നോട്ടിഫിക്കേഷൻ നൽകും. ഇതിലൂടെ അവർക്ക് ലോഗിൻ ചെയ്യാനും അവ വീണ്ടും സജീവമാക്കാനും കഴിയും.

Advertisement