വിജയ്‌യുടെ പാര്‍ട്ടി അംഗത്വത്തിന് ആപ്പ്; അര മണിക്കൂറില്‍ ഏഴ് ലക്ഷത്തില്‍ അധികം അപേക്ഷകള്‍…ആപ്പ് നിശ്ചലമായി

തമിഴ് സൂപ്പര്‍താരം ദളപതി വിജയ് തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തില്‍ മെമ്പര്‍ഷിപ്പെടുക്കാന്‍ ആപ്പ് പുറത്തിറക്കി. വിജയ് തന്നെയാണ് ആരാധകര്‍ക്ക് തമിഴക വെട്രി കഴകത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആപ്പ് പരിചയപ്പെടുത്തിയത്. ആപ്പ് വഴി വിജയ് തന്നെ ആദ്യ മെമ്പര്‍ഷിപ്പ് എടുത്തു. എല്ലാവരോടും ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് പാര്‍ട്ടിയില്‍ അംഗമാകണം എന്നാണ് വിജയ് ആവശ്യപ്പെട്ടത്. വിഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആപ്പ് നിശ്ചലമാവുകയായിരുന്നു.
30 മിനിറ്റില്‍ ഏഴ് ലക്ഷത്തില്‍ അധികം അപേക്ഷകള്‍ എത്തിയതോടെയാണ് ആപ്പ് ക്രാഷ് ആയത്. പിന്നീട് ആപ്പ് ശരിയായതായി വിജയിയുടെ പാര്‍ട്ടി അധികൃതര്‍ അറിയിച്ചു. തമിഴക വെട്രി കഴകത്തില്‍ രണ്ട് കോടി അംഗങ്ങളെ ചേര്‍ക്കുക എന്നതാണ് വിജയ് ആദ്യം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം ജില്ലാ ബൂത്ത് തലങ്ങളില്‍ താരത്തിന്റെ പാര്‍ട്ടി അംഗത്വ ക്യാംപെയ്ന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 2026-ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് താരത്തിന്റെ പാര്‍ട്ടി തമിഴക വെട്രി കഴകം പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്. പുതിയ ചിത്രം ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈമിന്റെ തിരക്കിലാണ് താരം. താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതും ക്ലീന്‍ഷേവില്‍ വ്യത്യസ്ത ലുക്കിലായിരുന്നു.

Advertisement