വീണ്ടും ബോക്സോഫീസിനെ ഇളക്കി മറിക്കുന്നു വിജയ് ചിത്രം ‘ഗില്ലി’

വിജയ് ചിത്രം ‘ഗില്ലി’ വീണ്ടും ബോക്സോഫീസിനെ ഇളക്കി മറിക്കുന്നു. റീറിലീസായ ചിത്രത്തെ ആവേശത്തോടെയാണ് വിജയ് ആരാധകർ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. റി റിലീസിന്റെ ആദ്യദിനം 11 കോടിയോളം രൂപ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ. പിന്നീടുള്ള
ദിവസങ്ങളിലും ചിത്രം മികച്ച പ്രതികരണം നേടുന്നുണ്ട്.
‘ഗില്ലി’യുടെ റിലീസിൻ്റെ 20-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാ​ഗമായാണ് റീറിലീസ്. തമിഴ്നാടിന് പുറമെ കേരളത്തിലും ചിത്രം റീറിലീസ് ചെയ്തു. യുകെ, ഫ്രാൻസ്, അയർലണ്ട് എന്നിവിടങ്ങളിലും റിലീസുണ്ടായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രമാണിച്ച് വലിയ റിലീസുകൾ ഇല്ലാത്തതും ​’ഗില്ലി’ക്ക് ​ഗുണമായി.
വിജയിയുടെയും തൃഷയുടെയും കരിയറിലെ നിര്‍ണായക ചിത്രമായി ഗില്ലി മാറിയിരുന്നു. വിജയ് ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ആയതും അതുപോലെ തമിഴിലെ മുന്‍നിര നടിയായി തൃഷ മാറിയതും ഈ ചിത്രത്തോടെയാണ്. ധരണി സംവിധാനം ചെയ്ത ചിത്രത്തില്‍ ഗില്ലി എന്ന ശരവണവേല്‍ ആയിട്ടാണ് വിജയ് എത്തിയത്. ധനലക്ഷി എന്ന കഥാപാത്രമായി തൃഷയും എത്തി. റിപ്പോർട്ടുകൾ പ്രകാരം 2004-ൽ എട്ട് കോടി രൂപയ്ക്ക് ഒരുക്കിയ ​ഗില്ലി 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. നാല് കോടി രൂപയായിരുന്നു വിജയ് ചിത്രത്തിനായി വാങ്ങിയ പ്രതിഫലം.

Advertisement