29.5 C
Kollam
Monday 7th September, 2026 | 06:37:31 PM
Home News National സ്ത്രീകളുടെ ബാഗുകൾ മാത്രം ലക്ഷ്യം; നൂറിലേറെ മൊബൈൽ മോഷ്ടിച്ച കള്ളൻ പിടിയിൽ

സ്ത്രീകളുടെ ബാഗുകൾ മാത്രം ലക്ഷ്യം; നൂറിലേറെ മൊബൈൽ മോഷ്ടിച്ച കള്ളൻ പിടിയിൽ

കൊച്ചി: സ്ത്രീകളുടെ ബാഗുകളിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണുകൾ മാത്രം ലക്ഷ്യമിട്ട് നൂറിലേറെ മോഷണങ്ങൾ നടത്തിയ മലയാറ്റൂർ സ്വദേശി ജിജോ ബാബുവിനെ പൊലീസ് പിടികൂടി. 2012-ൽ സമാന കേസിൽ അറസ്റ്റിലായിരുന്ന ഇയാൾ പിന്നീട് മോഷണം തുടർന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

യാത്രയ്ക്കിടെ സ്ത്രീകൾ കൂടുതലായും മൊബൈൽ ഫോൺ ബാഗിൽ സൂക്ഷിക്കുന്നതാണ് അവരെ മാത്രം ലക്ഷ്യമിടാൻ കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കൊച്ചി നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ കൃത്രിമമായി തിരക്കുണ്ടാക്കി ബാഗിൽ നിന്ന് ഫോൺ കൈക്കലാക്കുകയായിരുന്നു ഇയാളുടെ രീതി.

ചൊവ്വാഴ്ച വൈകിട്ട് ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ ഒരു സ്ത്രീ മൊബൈൽ ഫോൺ മോഷണം പോയതായി പരാതി നൽകി. തുടർന്ന് കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ പരിശോധന നടത്തിയ പൊലീസ്, മറ്റൊരു മോഷണത്തിന് തയ്യാറെടുക്കുകയായിരുന്ന ജിജോയെ കൈയോടെ പിടികൂടി. മറ്റൊരു അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളും പ്രതിയെ തിരിച്ചറിയാൻ സഹായിച്ചു.

ചോദ്യംചെയ്യലിലാണ് നൂറിലധികം മൊബൈൽ ഫോണുകൾ മോഷ്ടിച്ചതായും അവ കളമശേരിയിലെ ഒരു ഇതരസംസ്ഥാന തൊഴിലാളി വഴി വിറ്റഴിച്ചിരുന്നതായും ജിജോ വെളിപ്പെടുത്തിയത്. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട ഫോണുകൾ ശാസ്ത്രീയമായി തിരിച്ചുപിടിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.

ഹൈക്കോടതി ജംഗ്ഷൻ, എം.ജി. റോഡ്, വൈറ്റില തുടങ്ങിയ കൊച്ചിയിലെ തിരക്കേറിയ കേന്ദ്രങ്ങളായിരുന്നു ജിജോയുടെ പ്രധാന മോഷണ കേന്ദ്രങ്ങൾ.