നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലഗ്രാം ആപ്പ് താൽക്കാലികമായി നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ അംഗീകരിച്ച് ഡൽഹി ഹൈക്കോടതി. ടെലഗ്രാം വിലക്കിയ സർക്കാർ ഉത്തരവ് ജസ്റ്റിസ് തേജസ് കരിയയാണ് ശരിവച്ചത്. സർക്കാരിന്റെ ഈ തീരുമാനം തെറ്റല്ലെന്ന് കോടതി വ്യക്തമാക്കി. ജൂൺ 22 വരെയാണ് ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, പരീക്ഷയ്ക്ക് ശേഷം വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ടെലഗ്രാമിലെ മെസ്സേജുകൾ എഡിറ്റ് ചെയ്യുന്ന രീതി ചിലർ ഉപയോഗിച്ചിരുന്നു.
ഇത് തടയാൻ ജൂൺ 30 വരെ മെസ്സേജ് എഡിറ്റിങ് ഫീച്ചറും ഇന്ത്യയിൽ നിർത്തിവെക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഐടി ആക്ടിന്റെ സെക്ഷൻ 69എ പ്രകാരമുള്ള കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് സർക്കാർ ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധന ഉത്തരവ് വ്യക്തമായ കാരണങ്ങളോടെയുള്ളതാണെന്നും ആലോചനയില്ലാതെ എടുത്ത തീരുമാനമല്ലെന്നും കോടതി വ്യക്തമാക്കി. പരീക്ഷ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ സർക്കാരിന് പൂർണ അവകാശമുണ്ടെന്നാണ് കോടതി വിധി വ്യക്തമാക്കുന്നത്.
ടെലഗ്രാം പുതിയ ഡാർക്ക് വെബായി മാറിയെന്നും കുറ്റവാളികളും തട്ടിപ്പുകാരും ഈ ആപ്പ് വ്യാപകമായി ഉപയോഗിക്കുന്നുവെന്നുമായിരുന്നു കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സൈബർ കുറ്റകകൃത്യങ്ങൾ, തീവ്രവാദപ്രവർത്തനങ്ങൾ, മയക്കുമരുന്ന് കടത്ത്, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ആപ്പായി ടെലഗ്രാം മാറിയെന്നും ഈ തട്ടിപ്പുകൾ രാജ്യ സുരക്ഷയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.






























