Home News National ഫ്‌ളാറ്റില്‍ മയക്കുമരുന്ന് പരിശോധനക്കിടെ മൂന്നാം നിലയില്‍ നിന്ന് ചാടിയ യുവതി മരിച്ചു

ഫ്‌ളാറ്റില്‍ മയക്കുമരുന്ന് പരിശോധനക്കിടെ മൂന്നാം നിലയില്‍ നിന്ന് ചാടിയ യുവതി മരിച്ചു

ന്യൂഡല്‍ഹി: ഫ്‌ളാറ്റില്‍ മയക്കുമരുന്ന് പരിശോധനക്കിടെ മൂന്നാം നിലയില്‍ നിന്ന് ചാടിയ യുവതി മരിച്ചു. നൈജീരിയന്‍ സ്വദേശിയായ സ്റ്റെല്ല പയസ് ആണ് മരിച്ചത്. ഔട്ടര്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറിലായിരുന്നു ആന്റി നാര്‍ക്കോടിക്‌സ് ബ്യൂറോയുടെ പരിശോധന. സ്റ്റെല്ല താമസിക്കുന്ന ഫ്ളാറ്റില്‍ ലഹരിമരുന്ന് നിര്‍മാണ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആന്റി നാര്‍ക്കോട്ടിക്സ് സ്‌ക്വാഡ് പരിശോധന നടത്താനെത്തിയത്.
എന്നാല്‍ സ്‌ക്വാഡിനെ കണ്ടയുടനെ സ്റ്റെല്ല നാലാം നിലയിലെ ഫ്ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സമീപത്തെ ബുരാരി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡല്‍ഹിയില്‍ ആന്റി നാര്‍ക്കോട്ടിക്സ് ബ്യൂറോയുടെ പരിശോധന തുടരുകയാണ്. പരിശോധനയില്‍ യുവതി താമസിച്ചിരുന്ന ഫ്‌ളാറ്റിനും പരിസര പ്രദേശങ്ങളില്‍ നിന്നും സിന്തറ്റിക് മരുന്ന നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും ബീക്കറുകളും പൈപ്പുകളുമടക്കമുള്ള ഉപകരണങ്ങള്‍ കണ്ടെത്തി.
കേസില്‍ ഫ്ളാറ്റിലെ മൂന്നാം നിലയില്‍ താമസിക്കുന്ന സ്‌കൈ എന്നയാളേയും നാലാം നിലയില്‍ താമസിക്കുന്ന മാര്‍ട്ടിന്‍ ആരോണ്‍ എന്നിവരേയും കസ്റ്റഡിയിലെടുത്തു. സ്‌കൈയുടെ പക്കല്‍ നിന്ന് നിരോധിത മയക്കുമരുന്നായ മെത്താം ഫെറ്റാമിനും ഒന്നരഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ് പോലീസ്.