26.1 C
Kollam
Wednesday 8th July, 2026 | 03:25:50 AM
Home News National കടുവയുടെ ആക്രമണത്തിൽ മഹാരാഷ്ട്രയിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടു

കടുവയുടെ ആക്രമണത്തിൽ മഹാരാഷ്ട്രയിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടു

മുംബൈ: കടുവയുടെ ആക്രമണത്തിൽ മഹാരാഷ്ട്രയിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടു. ബീഡി തെറുക്കാനുള്ള ഇല ശേഖരിക്കാൻ കാട്ടിൽ കയറിയപ്പോഴായിരുന്നു ആക്രമണം. സംഗീത ചൗധരി (50), കൗദാബായ് മോഹുർലെ (45), അനുബായ് മോഹുർലെ (40), സുനിത മോഹുർലെ (38) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സംസ്ഥാന വനംവകുപ്പ് തിരിച്ചറിഞ്ഞു. ചന്ദ്രപൂർ ജില്ലയിലെ ഗുഞ്ജേവാഹി ഗ്രാമത്തോട് ചേർന്നുള്ള വനമേഖലയിൽ വെച്ചായിരുന്നു ആക്രമണം. ചന്ദ്രപൂർ ജില്ലയിൽ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഏഴാമത്തെ കടുവ ആക്രമണമാണിത്.
പെൺകടുവയും കുട്ടികളുമാണ് സ്ത്രീകളെ ആക്രമിച്ചതെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാമാനുജം ആർ എം പറഞ്ഞു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് പൊതുവെ ഇവിടെ ബീഡി നിർമ്മാണത്തിനുള്ള ഇലകൾ കാട്ടിൽ നിന്നും ശേഖരിക്കാറുള്ളത്. ബ്രഹ്മപുരി ഡിവിഷനോട് ചേർന്നുള്ള ഈ വനഭാഗത്ത് കടുവയുടെ സാന്നിധ്യം ഉള്ളതിനാൽ തൽക്കാലം വനത്തിൽ പ്രവേശിക്കരുതെന്ന് ഗ്രാമീണർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വനം വകുപ്പ് അറിയിച്ചു. മെയ് 14-ന് സ്ത്രീകൾ വനത്തിൽ കയറിയപ്പോൾ വനം വകുപ്പിന്റെ പട്രോളിംഗ് സംഘം ഇവരെ തടയുകയും തിരികെ പറഞ്ഞയയ്ക്കുകയും ചെയ്തിരുന്നുവെന്നും ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ അറിയിച്ചു. ആക്രമിച്ച കടുവക്കുട്ടികൾക്ക് രണ്ട് വയസ്സിലധികം പ്രായമുണ്ട്. അമ്മയിൽ നിന്ന് വേർപിരിയാൻ നിൽക്കുന്ന ഈ പ്രായത്തിൽ കടുവകൾ കൂടുതൽ ആക്രമണകാരികളും അപകടകാരികളും ആണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വനം വകുപ്പ് 25,000 രൂപ വീതം അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.