26.4 C
Kollam
Saturday 13th June, 2026 | 12:57:13 AM
Home News Breaking News 21 കിലോമീറ്ററിൽ രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന സുപ്രധാന പരീക്ഷണം തുടങ്ങി, ഇനി പിങ്ക് ലൈനിൽ കുതിക്കാൻ നമ്മ...

21 കിലോമീറ്ററിൽ രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന സുപ്രധാന പരീക്ഷണം തുടങ്ങി, ഇനി പിങ്ക് ലൈനിൽ കുതിക്കാൻ നമ്മ മെട്രോ

Advertisement

ബെംഗളൂരൂ: ബെംഗളൂരുവിലെ നമ്മ മെട്രോയുടെ പിങ്ക് ലൈൻ പദ്ധതി നിർണായക ഘട്ടത്തിൽ. പാതയിൽ റിസർച്ച് ഡിസൈൻസ് ആൻ്റ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ്റെ (ആർഡിഎസ്ഒ) രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന സുപ്രധാന പരീക്ഷണങ്ങൾക്ക് തുടക്കമായി. പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷം ആർഡിഎസ്ഒ വിഭാഗം ഇടക്കാല വേഗതാ സർട്ടിഫിക്കേഷൻ നൽകുമെന്നാണ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ (ബിഎംആർസിഎൽ) നിന്നുള്ള അറിയിപ്പ്.

Also Read: തുടർഭരണം,ന്യൂനപക്ഷ ഏകീകരണം നടന്നിട്ടുണ്ടെങ്കിൽ തിരിച്ചടി എന്ന് സിപിഎം വിലയിരുത്തല്‍

ഏപ്രിൽ 28ന് ആരംഭിച്ച് മെയ് 12 വരെ പരിശോധന തുടരും. പാതയുടെ സുരക്ഷയും ശേഷിയും വിലയിരുത്തുന്നതാണ് പരിശോധന. ആർഡിഎസ്ഒ വിഭാഗം നൽകുന്ന ഇടക്കാല വേഗതാ സർട്ടിഫിക്കേഷൻ ആണ് പാതയിലെ അനുവദനീയമായ വേഗത നിർണയിക്കുക. ഇതിന് ശേഷം മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലുള്ള മറ്റൊരു പരിശോധന കൂടി നടക്കും. സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും പാത തുറക്കാനുള്ള അന്തിമ അനുമതി റെയിൽവേ ബോർഡ് നൽകുക. മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാകാൻ ഏകദേശം രണ്ടുമുതൽ മൂന്നു മാസങ്ങൾവരെ വേണ്ടിവരുമെന്നാണ് ബിഎംആർസിഎൽ കണക്കാക്കുന്നത്.

ബെംഗളൂരൂ നഗരത്തിലെ കലേന അഗ്രഹാര മുതൽ നാഗവര വരെ നീളുന്നതാണ് 21 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലൈൻ. കലേന അഗ്രഹാര മുതൽ താവരക്കരെ വരെ ഏഴുകിലോമീറ്റർ ഉയരപ്പാത ആണ്. ഇവിടെ പരീക്ഷണയോട്ടം നടത്താനായി അഞ്ച് ട്രെയിനുകൾ ലഭിച്ചിരുന്നു. പിങ്ക് ലൈനിലെ ഡയറി സർക്കിൾ മുതൽ നാഗവര വരെ നീളുന്ന ഭൂഗർഭപാതയുടെ നിർമാണം ഈ വർഷം പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

യെല്ലോ ലൈനിലേക്ക് പത്താം ട്രെയിൻ

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സർവീസ് ആരംഭിച്ച നമ്മ മെട്രോയുടെ യെല്ലോ ലൈനിലേക്കുള്ള പത്താമത്തെ ട്രെയിൻ ബിഎംആർസിഎല്ലിന് ലഭിച്ചു. സാങ്കേതിക പരിശോധനകൾക്ക് ശേഷം മെയ് മൂന്നാംവാരത്തോടെ ട്രെയിൻ സർവീസ് ആരംഭിക്കും. നിലവിൽ പരീക്ഷണയോട്ടം നടത്തുന്ന ഒൻപതാമത്തെ ട്രെയിൻ മെയ് ആദ്യത്തോടെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗത്ത് ബെം​ഗളൂരുവിനെ ഐടി ഹബ്ബായ ഇലക്ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന യെല്ലോ ലൈനിന് 19.1 കിലോമീറ്ററാണ് നീളം. ആകെ 16 സ്റ്റേഷനുകളാണ് ഉള്ളത്.

Advertisement