ചെന്നൈ, കൊല്‍ക്കൊത്ത. തമിഴ്നാട് നാളെ പോളിങ് ബുത്തിലേക്ക്. പശ്ചിമബംഗാളിലെ ഒന്നാംഘട്ടത്തിലെ 152 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും നാളെ നടക്കും. ബംഗാളിലെങ്ങും കനത്ത സുരക്ഷ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തമിഴ്നാട്ടിൽ ചതുഷ്കോണ മൽസരം നടക്കുന്ന നിരവധി മണ്ഡലങ്ങളുമുണ്ട്.
തമിഴ്നാട്ടിൽ ഓരോ മണ്ഡലത്തിലും സഖ്യങ്ങളേയും സ്വതന്ത്രരേയും തട്ടി നടക്കാൻ വയ്യാത്ത സ്ഥിതിയാണ്. 14 പാർട്ടികളാണ് ഡിഎംകെ സഖ്യത്തിലുള്ളത്. 28 സീറ്റിൽ മൽസരിക്കുന്ന കോൺഗ്രസ് മുതൽ അഞ്ചുവീതം സീറ്റുകളിലുള്ള സിപിഐഎമ്മും സിപിഐഎയും പിന്നെ രണ്ടു സീറ്റിലുള്ള മുസ്ലിലീഗും ഒരു സീറ്റിൽ മൽസരിക്കുന്ന എസ് ഡി പി ഐയും. ഇവരെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കുന്നു. എഐഎഡിഎംകെ മുന്നണിയിൽ 27 സീറ്റിൽ മൽസരിക്കുന്ന ബിജെപി മുതൽ ഒരു സീറ്റിൽ മൽസരിക്കുന്ന സിംഗർ തമിഴർ മുന്നേറ്റ കഴകം വരെ 16 പാർട്ടികൾ. നടൻ വിജയ് യുടെ ടിവികെ 233 സീറ്റിൽ ഒറ്റയ്ക്കു മൽസരിക്കുന്നു. ഇതിനു പുറമെ നാം തമിഴർ കക്ഷി 234 സീറ്റിലും ഒറ്റയ്ക്കു മൽസരിക്കുന്നുണ്ട്. ചില മണ്ഡലങ്ങളിലെങ്കിലും മുൻ തെരഞ്ഞെടുപ്പുകളിൽ നിന്നു ഭിന്നമായി ചതുഷ്കോണ മൽസരമാണ്. ഡിഎംകെ വിരുദ്ധ വോട്ടുകൾ ഭിന്നിക്കും എന്നതിലാണ് സർക്കാരിന്‍റെ തുടർഭരണ പ്രതീക്ഷ.

പശ്ചിമബംഗാളിൽ ഏറ്റവും സംഘർഷഭരിതമായ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. കേന്ദ്രസേനയാണ് മിക്ക മണ്ഡലങ്ങളിലും നിറഞ്ഞു നിൽക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ തലേദിനത്തിലും വിവാദങ്ങൾക്ക് കുറവില്ല. സൂററ്റിൽ നിന്ന് കൊൽക്കൊത്തയിലേക്ക് പ്രത്യേക സൌജന്യ ട്രെയിൻ ഓടിച്ച ബിജെപിക്ക് എതിരേ തൃണമൂൽ കോൺഗ്രസ് പരാതി നൽകി കഴിഞ്ഞു. ബംഗാളിൽ നിന്ന് സൂററ്റിലെത്തി ജോലിചെയ്യുന്ന തൊഴിലാളികൾക്ക് വോട്ട് ചെയ്യാൻ പോകുന്നതിനാണ് ബിജെപി പ്രത്യേക ട്രെയിൻ ബുക്ക് ചെയ്തത്.
കൊൽക്കൊത്തയിൽ ഇന്നലെ നാലുമണിക്കൂർ നേരമാണ് അമിത് ഷാ ബിജെപി പ്രവർത്തകർക്കൊപ്പം സ്ഥിതിഗതികൾ വിലയിരുത്തിയത്. മാരത്തൺ യോഗത്തിനു ശേഷം അമിത് ഷാ മറ്റൊന്നു കൂടി പ്രഖ്യാപിച്ചു. ഏപ്രിൽ 27ന് ശേഷം മാത്രമേ ബംഗാളിൽ നിന്നു മടങ്ങുന്നുള്ളൂ എന്നായിരുന്നു അത്. ഇതനുസരിച്ച് രണ്ടാം ഘട്ട വോട്ടെടുപ്പിന്‍റെ പ്രചാരണം തീരുന്ന ദിവസം വരെ അമിത് ഷാ ബംഗാളിൽ ഉണ്ടാകും. ബിജെപിയുടെ കാടടച്ചുള്ള പ്രചാരണം തുടരുന്നുണ്ടെങ്കിൽ മൂന്നിൽ രണ്ടു സീറ്റുകളിലും വിജയിക്കും എന്ന പ്രത്യാശയിലാണ് തൃണമൂൽ നേതൃത്വം






























