4 കോടി രൂപ പിടിച്ചെടുത്ത കേസിൽ ബി ജെ പി നേതാക്കൾക്ക് സമൻസ്

ചെന്നൈ. ട്രെയ്നിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 4 കോടി രൂപ പിടിച്ചെടുത്ത കേസിൽ ബി ജെ പി നേതാക്കൾക്ക് സമൻസ്. ബിജെപി തിരുനെൽവേലി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രൻ,  ബിജെപി തമിഴ്നാട് വ്യാവസായ സെൽ അധ്യക്ഷൻ ഗോവർധൻ എന്നിവരടക്കം 3 പേർക്കാണ് താംബരം പൊലീസ് സമൻസ് നൽകിയത്. തെരഞ്ഞെടുപ്പിന് ശേഷം ഹാജരാകാനാണ് നിർദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുനെൽ വേലിയിലെ ബി ജെ പി പൊതുറാലിയിൽ പങ്കെടുക്കാനിരിക്കെയാണ് പൊലീസ് നടപടി. ഏപ്രിൽ ഏഴിനാണ്
ബി ജെ പി തിരുനെൽവേലി സ്ഥാനാർഥി നൈനാർ  നാഗേന്ദ്രൻ്റെ ബന്ധു ഉൾപ്പെടെ 3 പേർ 4 കോടി രൂപയുമായി അറസ്റ്റിലായത്.
തിരുനെൽവേലി  എക്‌സ്പ്രസ് ട്രെയിനിൽ നിന്ന് താംബരത്ത് വെച്ചാണ് പണം  പിടികൂടിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇലക്ഷൻ ഫ്‌ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. പിടിച്ചെടുത്ത പണം  വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയതാണെന്ന ആരോപണമുയർന്നിരുന്നു.

Advertisement