‘ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തി’; വനിത ജഡ്ജിയുടെ പരാതിയിൽ ഇടപെട്ട് ചീഫ് ജസ്റ്റിസ്, റിപ്പോർട്ട് തേടി

ലഖ്നൗ: ജില്ലാ ജഡ്ജി ലൈംഗികമായി അതിക്രമം നടത്തിയെന്ന വനിത ജഡ്ജിയുടെ പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഉത്തർപ്രദേശ് ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് ഇതുസംബന്ധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്.

ബന്ദ ജില്ലയിലെ ജില്ലാ ജഡ്ജിക്കെതിരെയാണ് പരാതി. സംഭവത്തിൽ അലഹബാദ് ഹൈക്കോടതിയോടാണ് ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടിയത്. ഉടൻ മറുപടി നൽകാനും നിർദേശം നൽകിയിട്ടുണ്ട്. തന്നെ മരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസിന് വനിതാ ജഡ്ജി കത്തെഴുതിയത്.

ജഡ്ജി ലൈംഗികമായി അതിക്രമം നടത്തിയെന്നും രാത്രിയിൽ വന്നു കാണാൻ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. കരിയറിൽ അനുഭവിക്കുന്ന അധിക്ഷേപവും പീഡനവും സഹിക്കാനാകുന്നില്ലെന്നും അതിനാൽ മരിക്കാൻ അനുവദിക്കണമെന്നുമാണ് ആവശ്യം. അങ്ങേയറ്റം വേദനയും നിരാശയുമുണ്ടായ സാഹചര്യത്തിലാണ് കത്തെഴുതുന്നതെന്നും ജഡ്ജി പറഞ്ഞു. സാധാരണക്കാർക്ക് നീതി ലഭ്യമാക്കുമെന്ന വിശ്വാസത്തോടെയുമാണ് ഞാൻ ജുഡീഷ്യൽ സർവീസിൽ ചേർന്നത്. എന്നാൽ നീതിക്കുവേണ്ടി യാചകയായുന്ന അവസ്ഥയാണ് തനിക്കെന്നും ഡയസിൽ പോലും മോശം പദങ്ങൾ കൊണ്ട് അപമാനിക്കപ്പെട്ടെന്നും വനിത ജഡ്ജി പരാതിയിൽ പറയുന്നു. തനിക്ക് ലൈം​ഗികാധിക്ഷേപവും പലപ്പോഴായി നേരിടേണ്ടിവന്നു. ഇന്ത്യയിലെ എല്ലാ ജോലിക്കാരായ സ്ത്രീകളോടും ലൈംഗികാതിക്രമങ്ങൾ സഹിച്ച് ജീവിക്കാൻ പഠിക്കൂവെന്നും ഇത് നമ്മുടെ ജീവിതത്തിന്റെ സത്യമാണെന്നും അവർ പറഞ്ഞു.

ലൈംഗിക പീഡനത്തിൽ നിന്ന് സ്ത്രീകളുടെ സംരക്ഷിക്കുന്ന നിയമം വലിയ തമാശയാണെന്നും ജഡ്ജി കത്തിൽ പറയുന്നുണ്ട്. രാത്രി തന്നെ വന്നു കാണാൻ ജില്ലാ ജഡ്ജി ആവശ്യപ്പെട്ടതായും ഇവർ ആരോപിച്ചു. 2022ൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അഡ്മിനിസ്‌ട്രേറ്റീവ് ജഡ്‌ജിക്കും പരാതി നൽകിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പറയുന്നു. പിന്നീട്, 2023 ജൂലൈയിൽ അവർ ഹൈക്കോടതിയുടെ ആഭ്യന്തര കമ്മിറ്റിയിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം ആരംഭിക്കാൻ ആറ് മാസമെടുത്തി. ഇതിനായി ആയിരം മെയിലെങ്കിലും അയച്ചു. ഇപ്പോഴത്തെ അന്വേഷണം പ്രഹസനവും കപടവുമാണ്. ജില്ലാ ജഡ്ജിയുടെ കീഴുദ്യോഗസ്ഥരാണ് സാക്ഷികൾ. തങ്ങളുടെ മേലധികാരിക്കെതിരെ സാക്ഷികൾ എന്തെങ്കിലും പറയുമെന്ന് എങ്ങനെ വിശ്വസിക്കുമെന്നും കത്തിൽ പറയുന്നു.

Advertisement