പതിന്നാലുകാരിക്ക് നേരെ ലൈംഗിക അതിക്രമ നടന്നിട്ട് ഒന്നര മാസം, നടപടി വൈകിച്ച് പൊലീസ്

തിരുവനന്തപുരം . പതിന്നാലുകാരിക്ക് നേരെ ലൈംഗിക അതിക്രമമെന്ന പരാതിയിൽ 43 ദിവസം പിന്നിട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപണം. പോക്സോ വകുപ്പ് പ്രകാരം FIR രജിസ്റ്റർ ചെയ്തിട്ടും പ്രതി കഴക്കൂട്ടം സ്വദേശി ബിനു ദാസിനെ കസ്റ്റഡിയിൽ എടുത്തില്ല. 
പ്രതിക്ക് ഉന്നത സ്വാധീനമെന്നും, പൊലീസ് ഒത്തുകളിക്കുകയാണെന്ന് സംശയമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

തുമ്പ സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന പതിനാല്കാരിയുടെ കുടുംബസുഹൃത്താണ് പ്രതിയായ കഴക്കൂട്ടം സ്വദേശി ബിനു ദാസ്. ശിവസേന നേതാവുമാണ് ഇയാൾ ഇക്കഴിഞ്ഞ നവംബർ 25 ന് വീട്ടിലെത്തി വാടകയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്ന വീട് കാണിക്കാനെന്ന വ്യാജേനയാണ് പതിന്നാലുകാരിയേയും അനുജനേയും
ഇയാൾ കൂട്ടിക്കൊണ്ട് പോകുന്നത്.മംഗലപുരം വേലൂരിലുള്ള ഇയാളുടെ വീട്ടിൽ എത്തിച്ചായിരുന്നു ലൈംഗിക അതിക്രമം.

29 ന് സ്കൂളിലെ കൗൺസിലിംഗ് ടീച്ചറിനോട് കാര്യം പറഞ്ഞതോടെയാണ് 
കുട്ടി നേരിട്ട അതിക്രമം ബന്ധപ്പെട്ടവർ അറിയുന്നത്. തുടർന്ന് ചൈൽഡ് ലൈനെ വിവരം അറിയിച്ചു.30 ന് മംഗലപുരം പൊലീസിൽ പരാതി നൽകി.  കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കുട്ടിയുടെയും അനുജൻ്റെയും
മൊഴിയെടുക്കുകയും സ്ഥലത്തെത്തി തെളിവെടുക്കുകയും ചെയ്തു.പതിനാലുകാരി മജിസ്ട്രേറ്റിനും മൊഴി നൽകി. എന്നാൽ കേസ് എടുത്ത് 43 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിന് പിന്നിൽ പൊലീസ് ഒത്തുകളി സംശയിക്കുന്നതായി പിതാവ് പറഞ്ഞു.



പ്രതിക്ക് ഉന്നത സ്വാധീനമെന്നും പരാതി നൽകിയതിന് പിന്നാലെ മകളെ ഭീഷണിപ്പെടുത്തിയെന്നും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും പിതാവ് വ്യക്തമാക്കി. എന്നാൽ ബിനുദാസ് ഒളിവിലാണെന്നും, ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നുമാണ് മംഗലപുരം പൊലീസിൻ്റെ വിശദീകരണം. കുട്ടിയിപ്പോൾ ചൈൽഡ് ലൈനിൻ്റെ സംരക്ഷണയിലാണ്

Advertisement