പന്ത്രണ്ടാം ക്ലാസ് പാസായ ശേഷമാണ് ഡോക്ടര്‍ ആകണമെന്ന ആഗ്രഹം ഉണ്ടാകുന്നതെങ്കിലോ, വിഷമിക്കേണ്ടതില്ല, പുതിയ മാര്‍ഗരേഖ

ന്യുഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പാസായ ശേഷമാണ് ഡോക്ടര്‍ ആകണമെന്ന ആഗ്രഹം ഉണ്ടാകുന്നതെങ്കില്‍ ഇനി വിദ്യാര്‍ത്ഥികള്‍ വിഷമിക്കേണ്ടതില്ലെന്ന് എന്‍എംസിയുടെ പുതിയ മാര്‍ഗരേഖ. പ്ലസ് ടു തലത്തില്‍ ബയോളജി പഠിക്കാത്തതിന്റെ പേരില്‍ ഡോക്ടര്‍ മോഹം ഇനി ആര്‍ക്കും ഉപേക്ഷിക്കേണ്ടിവരില്ല.

പ്ലസ് ടു തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പ്രധാന വിഷയമായി പഠിച്ചവര്‍ക്കും ഡോക്ടറാകാം. അതിനായി പിന്നീട് ഏതെങ്കിലൂം അംഗീകൃത ബോര്‍ഡിനു കീഴില്‍ നിന്ന് പ്ലസ് ടു തലത്തിലുള്ള ബയോളജി/ബയോടെക്നോളജി പരീക്ഷ അഡീഷണല്‍ സബ്ജക്ട് ആയി പാസാകണമെന്ന് മാത്രം. ഇതു സംബന്ധിച്ച് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ (എന്‍എംസി) പുതിയ മാര്‍ഗരേഖ പറയുന്നു.

എന്‍എംസിയുടെ പുതിയ മാര്‍ഗരേഖയില്‍ പറയുന്നത് പ്രകാരം ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് എന്നിവ അഡീഷണല്‍ വിഷയങ്ങളായി പഠിച്ച് 12ാം ക്ലാസ് പാസാകുന്നവര്‍ക്ക് എംബിബിസ്, ബിഡിഎസ് കോഴ്സിനുള്ള പ്രവേശന പരീക്ഷയായ നീറ്റ്-യുജി ടെസ്റ്റുകള്‍ എഴുതാന്‍ കഴിയും.

കൂടാതെ, ഈ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം നേടണമെങ്കില്‍ എന്‍എംസിയില്‍ നിന്ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.

ഇതുവരെ നീറ്റ്-യുജി ടെസ്റ്റുകള്‍ക്ക് പ്ലസ് ടുവില്‍ രണ്ട് വര്‍ഷം റെഗുലറായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി പഠിക്കുന്നവര്‍ക്ക് മാത്രമായിരുന്നു അംഗീകാരമുണ്ടായിരുന്നത്. ഓപണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കോ പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കോ ഇതിന് കഴിഞ്ഞിരുന്നില്ല.

നീറ്റ്- യുജി ടെസ്റ്റുകള്‍ക്കുള്ള മാനദണ്ഡം ലഘൂകരിക്കുന്നതിനും വിദേശ മെഡിക്കല്‍ പഠനത്തിനുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുമാണ് ഈ മാറ്റമെന്ന് എന്‍എംസി പറയുന്നു. ജൂണ്‍ 14നാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. പന്ത്രണ്ടാം ക്ലാസില്‍ വ്യത്യസ്തമായ വിഷയങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുക വഴി ദേശീയ വിദ്യാഭ്യാസ നയത്തില്‍ വഴക്കം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

Advertisement