തിരുവനന്തപുരം: എം ബി ബി എസ് അവസാനവർഷ വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു. പോത്തൻകോട് ചെങ്കോട്ടുകോണം കല്ലടിച്ചവിള മണ്ണറത്തല വീട്ടിൽ ജസീറയുടെയും പരേതനായ നവാസിൻറെയും മകൻ മുഹമ്മദ് നിജാസ് (23) ആണ് മരിച്ചത്.

പോണ്ടിച്ചേരിയിലെ മെഡിക്കൽ കോളേജിൽ ക്ലാസിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. പോണ്ടിച്ചേരി ജിപ്മർ ( ജിപ്മെർ ജവാഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്‌ ഗ്രാജുവേഷൻ മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ) കോളേജിലെ അവസാന വർഷ എം ബി ബി എസ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് നിജാസ്.

ചൊവ്വാഴ്ച രാവിലെ എട്ടു മണിക്കുള്ള ക്ലാസ്സ് കഴിഞ്ഞു 10 മണിക്കുള്ള അടുത്ത ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ നിജാസിനെ ആശുപത്രിയിൽ എത്തിച്ചു. അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയ സ്തംഭനം ആണ് മരണകാരണമായി രേഖപ്പെടുത്തിയിട്ടുള്ളത്. പോസ്റ്റ്‍മോർട്ടം നടപടികൾ പൂർത്തിയാക്കി പുലർച്ചെ നാട്ടിൽ എത്തിച്ച മൃതദേഹം ചെമ്പഴന്തി മുസ്ലിം ജമാഅത്തിൽ ഖബറടക്കി.

എസ് എസ് എൽ സിക്കും പ്ലസ് ടു വിനും ഉന്നത വിജയം നേടിയിരുന്നു നിജാസ്. അവസാനവർഷ എം ബി ബി എസ് പരീക്ഷ അടുത്തയാഴ്ച ആരംഭിക്കാൻ ഇരിക്കയാണ് മരണം. നിജാസിൻറെ പിതാവ് നവാസ് 20 വർഷം മുമ്പ് എറണാകുളത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. അതിനു ശേഷം മാതാവ് ജസീറയുടെ സംരക്ഷണത്തിലായിരുന്നു നിജാസ്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന നിജാസിൻറെ ആകസ്മിക മരണം നാടിനെ ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.