കെഎംസിടിയിലെ പുതിയ എംബിബിഎസ് സീറ്റുകൾ, ഉടൻ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നി‍ർദ്ദേശം

Advertisement

കോഴിക്കോട്: കെ എം സി ടി മെഡിക്കൽ കോളജിന് അനുവദിച്ച പുതിയ എം ബി ബി എസ് സീറ്റുകളുടെ അംഗീകാരം സംബന്ധിച്ച് ഉടനടി തീരുമാനം എടുക്കാൻ സുപ്രീം കോടതി നിർദ്ദേശം. ദേശീയ മെഡിക്കൽ കമ്മീഷനും കേരള ആരോഗ്യ സർവകലാശാലയ്ക്കുമാണ് നിർദ്ദേശം.

ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നിർദ്ദേശം. പുതിയ അധ്യയന വർഷത്തേക്കായി 100 എം ബി ബി എസ് സീറ്റുകൾ കൂടി തുടങ്ങാനുള്ള അനുമതിയായിരുന്നു ദേശീയ മെഡിക്കൽ കമ്മീഷൻ കെ എം സി ടി മെഡിക്കൽ കോളേജിന് നൽകിയിരുന്നത്.

എന്നാൽ ഈ മെഡിക്കൽ കോളേജിന് കേരള ആരോഗ്യ സർവകലാശാല അഫിലിയേഷൻ സംബന്ധിച്ച് തർക്കമുയർത്തി. ആദ്യ നൂറ് സീറ്റിൽ നിന്ന് അൻപത് സീറ്റിലേക്ക് ഉയർത്താനുള്ള അംഗീകാരം ഒരു വർഷത്തേക്ക് മാത്രമാണെന്നും അതിനാൽ പുതിയതായി അപേക്ഷിച്ച നൂറ് സീറ്റുകൾക്ക് അഫിലിയേഷൻ നൽകാനാകില്ലെന്നും കേരള ആരോഗ്യസർവകലാശാല അറിയിച്ചു. ഇതോടെ സീറ്റുകൾ കൂട്ടിയ ഉത്തരവ് ദേശീയ മെഡിക്കൽ കമ്മീഷനും റദ്ദാക്കി. ഈ സാഹചര്യത്തിലാണ് മെഡിക്കൽ കോളേജ് സുപ്രീംകോടതിയെ സമീപിച്ചത്.

ഈ മാസം മുപ്പതിന് അഡ്മിഷൻ നടപടികളുടെ കാലാവധി തീരും മുൻപ് കോളേജിന് അധികമായി ലഭിച്ച സീറ്റുകളുടെ കാര്യത്തിലും അഫിലേയേഷൻ അടക്കം വിഷയങ്ങളിലും തീരുമാനം എടുക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ദേശീയ മെഡിക്കൽ കമ്മീഷനും കേരള ആരോഗ്യസർവകലാശാലയ്ക്കും ഇക്കാര്യത്തിൽ സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, രവി ശങ്കർ ജിൻഡാലാ, അഭിഭാഷകൻ ശ്രീറാം പറക്കാട്ട് എന്നിവർ ഹാജരായി .

Advertisement