എംബിബിഎസ് പരീക്ഷ കൂട്ടത്തോടെ ബഹിഷ്കരിച്ച്‌ വിദ്യാർത്ഥികൾ

തൃശ്ശൂർ: ആരോഗ്യ സർവ്വകലാശാല ഇന്നലെ നടത്തിയ അവസാന വർഷ എംബിബിഎസ് പരീക്ഷ കൂട്ടത്തോടെ ബഹിഷ്കരിച്ച്‌ വിദ്യാർത്ഥികൾ.

പരീക്ഷയെഴുതാൻ 3600 പേർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും 1700ലേറെ വിദ്യാർഥികൾ പരീക്ഷയ്ക്കെത്തിയില്ല. ക്ലാസുകളും പരിശീലനങ്ങളും അതിവേഗം തീർത്ത് പരീക്ഷ നടത്തുന്നതിൽ പ്രതിഷേധിച്ചായായിരുന്നു ബഹിഷ്കരണം.

അക്കാദമിക് മാനദണ്ഡമനുസരിച്ചു പരീക്ഷയ്ക്കു മുൻപ് 800 മണിക്കൂർ ക്ലാസുകൾ പൂർത്തിയാക്കണം. എന്നാൽ 500 മണിക്കൂർ ക്ലാസുകൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂവെന്നു വിദ്യാർഥികൾ ആരോപിച്ചു.
ഹൗസ് സർജൻസിയുടെ ദൈർഘ്യം ഓഗസ്റ്റ് വരെ ശേഷിക്കുന്നുണ്ടെങ്കിലും ക്ലാസുകൾ പൂർത്തീകരിക്കാൻ സർവകലാശാല ഒരുക്കമല്ലെന്നും വിദ്യാർഥികൾ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

2017റെഗുലർ ബാച്ചിലെ വിദ്യാർഥികളാണ് ഇന്നലെ നടന്ന പരീക്ഷ ബഹിഷ്കരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 80 വിദ്യാർഥികൾ മാത്രമാണ് പരീക്ഷയെഴുതിയത്. 120 പേർ പരീക്ഷയ്ക്കെത്തിയില്ല. കോഴിക്കോട് പരീക്ഷയെഴുതിയത് 20 പേർ മാത്രമാണ്. 216 പേർ ഇവിടെ പരീക്ഷയ്ക്കെത്തില്ല.

തൃശൂർ മെഡിക്കൽ കോളജിൽ 150 വിദ്യാർഥികളിൽ 60 പേർ മാത്രമാണ് പരീക്ഷയ്ക്കെത്തിയത്. കോട്ടയത്ത് 55 പേരാണ് പരീക്ഷയ്ക്കെത്തിയത്. 150 പേരാണ് ഇവിടെ രജിസ്റ്റർ ചെയ്തിരുന്നത്. എറണാകുളത്ത് 104 പേരിൽ 30 പേർ മാത്രം പരീക്ഷയെഴുതി. സെൽഫ് ഫൈനാൻസിങ് മെഡിക്കൽ കോളജുകളിലെ വിദ്യാർത്ഥികളും പരീക്ഷ ബഹിഷ്കരിച്ചു.

Advertisement