സ്ഥാനാർഥി നിർണയത്തെ ചൊല്ലി രാജസ്ഥാൻ ബിജെപിയിൽ ബഹളം; പാർട്ടി ഓഫീസ് അടിച്ചു തകർത്തു , സംസ്ഥാന പ്രസിഡൻറിൻ്റെ വീടിന് നേരെ കല്ലേറ്

രാജസ്ഥാൻ:
രാജസ്ഥാനിൽ ബിജെപി സ്ഥാനാർഥി നിർണയത്തെ ചൊല്ലി തർക്കം. രാജ് സമന്ദിലെ ബിജെപി ഓഫീസ് ബിജെപി പ്രവർത്തകർ അടിച്ചു തകർത്തു. സംസ്ഥാന പ്രസിഡന്റ് സി പി ജോഷിയുടെ വീടിന് നേർക്ക് കല്ലേറുണ്ടായി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ രാജസ്ഥാനിൽ തങ്ങി നിരവധി ചർച്ചകൾ നടത്തിയ ശേഷമാണ് കഴിഞ്ഞ ദിവസം രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്.

83 സ്ഥാനാർഥികളെയാണ് രണ്ടാംഘട്ട പട്ടികയിൽ ബിജെപി പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ 41 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. അന്ന് തന്നെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നു. ജയ്പൂരിലെ ബിജെപി ആസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധം അരങ്ങേറുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി പി ജോഷിയുടെ കോലം പ്രവർത്തകർ കത്തിക്കുകയും സിപി ജോഷിയുടെ പ്രതീകാത്മക ശവഘോഷയാത്ര സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ചിറ്റോർഘട്ടിലെ സിറ്റിംഗ് എംഎൽഎ ചന്ദ്രഭവൻ സിംഗ് അക്കിയുടെ അനുയായികളാണ് ആക്രമണം നടത്തിയത്. ചന്ദ്രഭവൻ സിംഗിന് സീറ്റ് നൽകാതെ മറ്റൊരാൾക്ക് സീറ്റ് നൽകിയതാണ് അനുയായികളെ ചൊടിപ്പിച്ചത്. സീറ്റ് ലഭിക്കാത്ത പലരും വിമത ഭീഷണിയും ഉയർത്തുന്നുണ്ട്.

Advertisement