പ്രതിയുടെ ഫോണിൽ ഒട്ടേറെ സ്ത്രീകളുടെ ഫോട്ടോയും വിലാസവും; സ്വിസ് യുവതിയുടെ മരണത്തിന് മനുഷ്യക്കടത്ത് ബന്ധം?

ന്യൂഡൽഹി: ഡൽഹിയിൽ സ്വിസ്റ്റ്സർലൻഡ് സ്വദേശിയെ ഇന്ത്യക്കാരനായ സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തിന് മനുഷ്യക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം. കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ഗുർപ്രീത് സിങ്ങിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ പൊലീസിനു ലഭിച്ചത്.

ഇയാളുടെ സുഹൃത്തും സ്വിസ് പൗരയുമായ ലെന ബെർഗറിനെ (30) കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിൽ‌ സർക്കാർ സ്കൂളിനടുത്തു നിന്നാണ് ലെനയുടെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മാത്രമല്ല, കൈകാലുകൾ ചങ്ങലയുപയോഗിച്ചു ബന്ധിച്ച നിലയിലുമായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഗുർപ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്തത്.

പിടിയിലായ ഗുർപ്രീത് സിങ്ങിന്റെ ഫോണിൽനിന്ന് ഒരു ഡസനോളം യുവതികളുടെ ചിത്രങ്ങളും വിലാസവും ഫോൺനമ്പറും ഉൾപ്പെടെ കണ്ടെത്തിയതോടെയാണ്, മനുഷ്യക്കടത്തുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കാൻ ഡൽഹി പൊലീസ് തീരുമാനിച്ചത്. മാത്രമല്ല, ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടു കോടിയോളം രൂപ പണമായും പൊലീസ് കണ്ടെത്തി. അതിനു പുറമേ ഗുർപ്രീതിന്റെ ബാങ്ക് അക്കൗണ്ടിലും വൻ തുക നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിനെല്ലാം പുറമേയാണ് ഗുർപ്രീതിന്റെ വീട്ടിൽനിന്ന് മൂന്ന് തോക്കുകളും വെടിയുണ്ടകളും 12 സിം കാർഡുകളും നാല് മൊബൈൽ ഫോണുകളും പിടിച്ചെടുത്തത്.

ഗുർ‌പ്രീതിന്റെ വീട്ടിൽ നടത്തിയ പരിശോധനയ്ക്കു പിന്നാലെ, അന്വേഷണം വിപുലപ്പെടുത്താൻ ഡൽഹി പൊലീസ് തീരുമാനിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ വരെ ലഭിച്ച വിവരങ്ങൾ മറ്റ് പ്രധാനപ്പെട്ട അന്വേഷണ ഏജൻസികൾക്കും കൈമാറി.

ഗുർപ്രീത് സിങ് ഉപയോഗിച്ചിരുന്ന വെള്ള സാൻട്രോ കാർ പ്രദേശത്തെ ഒരു സ്ത്രീ ലൈംഗിക തൊഴിലാളിയുടെ ആധാർ കാർഡ് നൽകി വാങ്ങിയതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങളെല്ലാം പരിശോധിച്ചാണ്, ഗുർപ്രീതിന് മനുഷ്യക്കടത്തു സംഘവുമായി ബന്ധമുണ്ടോയെന്ന പരിശോധന.

ഒരു ചാറ്റിങ് ആപ്പു വഴിയാണ് ലെനയെ പരിചയപ്പെട്ടതെന്നാണ് ഗുർപ്രീത് സിങ് നൽകിയിരിക്കുന്ന മൊഴി. അതിനുശേഷം പലതവണ ഗുർപ്രീത് സ്വിറ്റ്സർലൻഡ് സന്ദർശിച്ചിരുന്നു. ലെനയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നതായും ഗുർപ്രീത് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ലെനയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് വ്യക്തമായതിനാൽ ഇക്കാര്യം അവരോടു പറഞ്ഞില്ല. അതിനുശേഷമാണ് ഗുർപ്രീത് ലെനയെ ഇന്ത്യയിലേക്കു ക്ഷണിച്ചതും ഇവിടെയെത്തിയ മുറയ്ക്ക് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതും.

കൊലപ്പെടുത്തിയ ശേഷം മൃതദേഹം തന്റെ കാറിലാണ് ഗുർപ്രീത് സൂക്ഷിച്ചിരുന്നത്. എന്നാൽ, ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അത് കൊണ്ടുപോയി തിലക് നഗറിലെ സർക്കാർ സ്കൂളിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഗുർപ്രീത് സിങ്ങാണ് കൊലയ്ക്കു പിന്നിലെന്ന് കണ്ടെത്തിയത്. ഗുർപ്രീത് സിങ് സ്ഥിരമായി മൊഴിമാറ്റുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നാണ് വിവരം.

∙ സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ:
സ്വിറ്റ്സർലൻഡിൽ വച്ചാണ് ഗുർപ്രീതും ലെനയും പരിചയപ്പെടുന്നത്. പിന്നീടു പല തവണ സ്വിറ്റ്സർലൻഡിൽ പോയി ഗുർപ്രീത് യുവതിയെ കണ്ടിരുന്നു. അതിനിടെ ലെനയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടു. അതോടെ ഇവരെ ഇന്ത്യയിലേക്കു വിളിച്ചുവരുത്തി. ഒരു മാന്ത്രിക വിദ്യ കാണിച്ചു തരാമെന്നു പറഞ്ഞു ഗുർപ്രീത് ലെനയുടെ കൈകാലുകൾ ചങ്ങലയുപയോഗിച്ചു ബന്ധിച്ച ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി.

പിന്നീടു മറ്റൊരു സ്ത്രീയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചു രണ്ട് ലക്ഷം രൂപയ്ക്ക് വാങ്ങിയ പഴയ കാറിനുള്ളിൽ കുറച്ചു ദിവസം മൃതദേഹം സൂക്ഷിച്ചു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ദുർഗന്ധം വമിച്ചു തുടങ്ങിയതോടെ സ്കൂളിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. ‌കാർ പിന്നീട് ജനക്പുരിയിൽ നിന്നു കണ്ടെടുത്തു. പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്ന് 2.10 കോടി രൂപയും കണ്ടെടുത്തു.

∙ 12 മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ
തിലക് നഗറിൽ മൃതദേഹം കണ്ടെത്തിയ 18–ാം ബ്ലോക്കിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് ആദ്യം പൊലീസ് അന്വേഷണം നടത്തിയത്. ഒരു സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ ഒരാൾ കാർ മതിലിനോടു ചേർത്തു നിർത്തുന്നതും കാറിൽനിന്ന് മൃതദേഹം പുറന്തള്ളുന്നതും വ്യക്തമായിരുന്നു. ദൃശ്യത്തിലുള്ള വ്യക്തി കാബൂളി തലപ്പാവാണ് ധരിച്ചിരുന്നത്. കാറിന്റെ നമ്പറും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എന്നിട്ടും കാറിന്റെ ഉടമസ്ഥനെ കണ്ടെത്താൻ പൊലീസ് അത്യാവശ്യം പണിപ്പെട്ടു. പലതവണ ഉടമകളുടെ പേരു മാറ്റി റജിസ്റ്റർ ചെയ്തതായിരുന്നു കാരണം. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, പ്രതിയായ ഗുർപ്രീത് സിങ് കാർ വാങ്ങിയ ഡീലറെ പൊലീസ് സംഘം കണ്ടെത്തി. ഇക്കഴിഞ്ഞ ഒക്ടോബർ എട്ടിന് ഒരാൾ കാർ വാങ്ങിയതായി ഈ ഡീലർ പൊലീസിനെ അറിയിച്ചു. 1.80 ലക്ഷം രൂപയ്ക്കായിരുന്നു വിൽപന. ഇതിൽ 1.65 ലക്ഷം രൂപ ഇയാൾ പണമായി നൽകിയെന്നും ഡീലർ അറിയിച്ചു.

കാർ വാങ്ങുന്ന സമയത്ത് ഗുർപ്രീത് സിങ് ഡീലർക്കു നൽകിയ മൊബൈൽ നമ്പർ അയാളുടെ പേരിലുള്ളതായിരുന്നില്ലെന്ന് പൊലീസ് വെളിപ്പെടുത്തി. മാത്രമല്ല, ഈ നമ്പർ പിന്നീട് സ്വിച്ച് ഓഫാവുകയും ചെയ്തു. തിരിച്ചറിയൽ രേഖയായി ഗുർപ്രീത് സിങ് നൽകിയ ആധാർ കാർഡ് ഒരു സ്ത്രീയുടേതായിരുന്നു. കാർ വിറ്റതിനു ശേഷം റജിസ്ട്രേഷൻ മാറ്റുന്നതിനായി ഡീലർ ഗുർപ്രീതിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴേയ്ക്കും ആ നമ്പർ സ്വിച്ച് ഓഫായിരുന്നു. പിന്നീട് പലതവണ വിളിച്ചുനോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് തന്നെയായിരുന്നു. തുടർന്ന് സാങ്കേതിക സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ രണ്ടാമത്തെ നമ്പർ കണ്ടെത്തി. ഈ നമ്പർ ഉപയോഗത്തിലുണ്ടായിരുന്നു. മാത്രമല്ല, ആ നമ്പർ ഗുർപ്രീതിന്റെ പേരിലുള്ളതുമായിരുന്നു. പക്ഷേ, സ്ഥലപ്പേര് തെറ്റിച്ചാണ് നൽകിയിരുന്നത്.
ഇതിനിടെ മറ്റൊരു പൊലീസ് സംഘം പ്രതി നൽകിയ ആധാറിലെ സ്ത്രീയെ കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് ഗുർപ്രീത് സിങ്ങിനെ കണ്ടിരുന്നതായി സ്ത്രീ വെളിപ്പെടുത്തി. അന്ന് തന്റെ ആധാർ കാർഡും ഗുർപ്രീത് വാങ്ങിയതായി സ്ത്രീ വെളിപ്പെടുത്തിയത് നിർണായകമായി. ആ കാർഡാണ് കാർ വാങ്ങാനായി ഗുർപ്രീത് ഡീലർക്കു നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗുർപ്രീതിന്റെ പിതാവിന്റെയും മാതാവിന്റെയും സഹോദരന്റെയും മൊബൈൽ നമ്പർ പൊലീസ് കണ്ടെത്തി. എന്നിട്ടും വിലാസം കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും അധികം വൈകാതെ പ്രതിയുടെ മറ്റു വിശദാംശങ്ങളും പൊലീസിനു ലഭിച്ചു. താമസിയാതെ പ്രതി അറസ്റ്റിലുമായി.

Advertisement