യുപിയിൽ മൃതദേഹം ആശുപത്രി ജീവനക്കാർ ബൈക്കിൽ ഉപേക്ഷിച്ചു; നെഞ്ചിൽ കൊളുത്തി വലിക്കുന്ന ദൃശ്യം സത്യമോ?

ലഖ്‌നൗ: ഉത്തർപ്രദേശിൽ യുവതിയുടെ മൃതദേഹം ബൈക്കിൽ ഉപേക്ഷിച്ചിട്ട് ആശുപത്രി ജീവനക്കാർ മുങ്ങിയ സംഭവമുണ്ടായോ? ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളായ ഫേസ്‌ബുക്കിലും എക്‌സിലും (പഴയ ട്വിറ്റർ) വ്യാപകമായി പ്രചരിക്കുകയാണ്.

കേരളത്തിലും നിരവധി പേരാണ് ഈ ദൃശ്യം ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. നടുക്കുന്ന കാഴ്‌ചയാണിത് എന്നും നടപടി വേണമെന്നുമാണ് പലരും വീഡിയോ ഷെയർ ചെയ്‌തുകൊണ്ട് ആവശ്യപ്പെടുന്നത്. നടന്നതുതന്നെയോ ഇങ്ങനെയൊരു സംഭവം?

58 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘മനസ്സിനെ അസ്വസ്ഥമാക്കുന്ന കാഴ്ചകൾക്ക് ഒടുക്കമില്ല. യുവതിയുടെ മൃതദേഹം ബൈക്കിൽ ഉപേക്ഷിച്ചിട്ട് മടങ്ങുന്ന ആശുപത്രി ജീവനക്കാർ … UP മെയിൽ പുരി’ എന്ന കുറിപ്പോടെ അനിൽ പാറ്റൂർ എന്നയാൾ വീഡിയോ ഫേസ്‌ബുക്കിൽ പങ്കുവെച്ചത് കാണാം. ജീവനക്കാരെന്ന് തോന്നിക്കുന്നവർ ഒരാളെ കൊണ്ടുവന്ന് ബൈക്കിനരികിൽ ഉപേക്ഷിക്കുന്നതാണ് ദൃശ്യം. ബന്ധുവെന്ന് തോന്നുന്ന ഒരു പുരുഷൻ സ്ത്രീ നിലത്ത് വീഴാതിരിക്കാൻ പിടിച്ചുനിൽക്കുന്നതും മറ്റൊരു സ്ത്രീയെത്തി കുട്ടിക്ക് ശ്വാസമുണ്ടോ എന്ന് നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവരുടെ കരച്ചിലും ആളുകളുടെ നെഞ്ചിൽ കൊളുത്തി വലിക്കുന്നതാണ്. ഇതെല്ലാം കണ്ട് മറ്റാളുകൾ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം.

വസ്‌തുത

വീഡിയോയുടെ സത്യാവസ്ഥ അറിയാൻ ഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന് വിധേയമാക്കി. ‘ഉത്തർപ്രദേശിൽ മരണപ്പെട്ട ഒരു പെൺകുട്ടിയെ സ്വകാര്യ ആശുപത്രി ജീവനക്കാർ തെരുവിലേക്ക് വലിച്ചെറിഞ്ഞു, കുട്ടിയുടെ മാതാപിതാക്കൾ പൊട്ടിക്കരയുന്നു’ എന്ന തലക്കെട്ടിൽ തമിഴ് മാധ്യമം ദിനമാലൈ വാർത്ത നൽകിയത് കണ്ടെത്താനായി. ഇതിൽ നിന്ന് ലഭിച്ച സൂചനകൾ വച്ച് സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കീവേഡ് സെർച്ച് നടത്തി. ദേശീയ മാധ്യമങ്ങളായ ഇന്ത്യാ ടുഡേ, എൻഡിടിവി തുടങ്ങിയ മാധ്യമങ്ങൾ ഈ ദാരുണസംഭവത്തിൻറെ വാർത്ത 2023 സെപ്റ്റംബർ 29നും 30നും നൽകിയിരിക്കുന്നത് കീവേഡ് സെർച്ചിൽ കണ്ടെത്തി. ഇതിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ കിട്ടിയപ്പോൾ മരണപ്പെട്ടത് യുവതിയല്ല, പെൺകുട്ടിയാണ് എന്ന് ആദ്യം സ്ഥിരീകരിച്ചു.

റിവേഴ്‌സ് ഇമേജ് ഫലം

‘യുപിയിൽ പെൺകുട്ടി ആശുപത്രിക്ക് പുറത്തുവച്ച് മരണപ്പെട്ടു, ചികിൽസാ പിഴവാണ് മരണ കാരണം എന്ന് കുടുംബം ആരോപിച്ചു’ എന്നാണ് ഇന്ത്യാ ടുഡേ നൽകിയിരിക്കുന്ന വാർത്തയുടെ തലക്കെട്ട്. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് ദാരുണമായ സംഭവമുണ്ടായത്, മരിച്ച പെൺകുട്ടിക്ക് 17 വയസാണ് പ്രായം. ചെറിയ പനിയെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഇവരെ രാധാ സ്വാമി എന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിൽസാ പിഴവിനെ തുടർന്ന് ആരോഗ്യം വഷളായ പെൺകുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിന് പകരം പുറംതള്ളുകയായിരുന്നു ജീവനക്കാർ എന്ന് കുടുംബം ആരോപിച്ചതായും വാർത്തയിൽ പറയുന്നു. സംഭവത്തിൻറെ വീഡിയോ വൈറലായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ആശുപത്രി സീൽ ചെയ്‌തതായും വാർത്തയിലുണ്ട്. വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ധരിച്ചാണ് ഇന്ത്യാ ടുഡേ ഈ വാർത്ത നൽകിയിരിക്കുന്നത്.

അതേസമയം ഇഞ്ചക്ഷൻ മാറി നൽകിയതിനെ തുടർന്ന് പെൺകുട്ടി മരണപ്പെടുകയായിരുന്നുവെന്നും മൃതദേഹം ജീവനക്കാർ പുറംതള്ളുകയായിരുന്നു എന്നാണ് എൻഡി ടിവിയുടെ വാർത്തയിൽ പറയുന്നത്. മരിച്ച വിവരം ബന്ധുക്കളെ അറിയിക്കാതെ പെൺകുട്ടിയുടെ ശരീരം ബൈക്കിനരികെ തള്ളിയ ശേഷം ആശുപത്രി ജീവനക്കാർ കടന്നുകളയുകയായിരുന്നു എന്നും എൻഡിടിവിയുടെ വാർത്തയിലുണ്ട്. ഇഞ്ചക്ഷൻ നൽകിയ ശേഷമാണ് പെൺകുട്ടിയുടെ ആരോഗ്യം വഷളായത് എന്ന് ബന്ധു ആരോപിച്ചതായി എൻഡിടിവിയുടെ വാർത്തയിൽ കാണാം.

ഉത്തർപ്രദേശിൽ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ബൈക്കിൽ ഉപേക്ഷിച്ചിട്ട് ജീവനക്കാർ കടന്നുകളഞ്ഞ സംഭവം യാഥാർഥ്യമാണ്. ഇത്തരമൊരു ദാരുണ സംഭവം യുപിയിൽ നടന്നുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വിശദമാക്കുന്നത്.

https://www.facebook.com/100005430947530/videos/718377010132207/

Advertisement