വളർത്ത് നായക്ക് നടക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ചു; ഐഎഎസ് ഉദ്യോഗസ്ഥയോട് നിർബന്ധിത വിരമിക്കൽ എടുക്കാൻ സർക്കാർ !

ന്യൂഡൽഹി: വളർത്തു നായയെ നടത്തുന്നതിനായി സ്റ്റേഡിയത്തിൽ നിന്നും കായിക താരങ്ങളെ ഇറക്കിവിട്ട ഐഎഎസ് ഉദ്യോഗസ്ഥക്കെതിരെ കർശന നടപടി സ്വീകരിച്ച് ഡൽഹി സർക്കാർ. അധികാര ദുർവിനിയോഗം നടത്തിയതിന് സർവീസിൽ നിന്ന് നിർബന്ധിത വിരമിക്കൽ എടുക്കുന്നതിനുള്ള കർശന നിർദ്ദേശമാണ് ഇവർക്ക് നൽകിയിരിക്കുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥയായ റിങ്കു ദുഗ്ഗയാണ് തൻറെ നായക്ക് നടക്കാൻ സ്റ്റേഡിയം ഒഴിപ്പിക്കാൻ കഴിഞ്ഞവർഷം ഉത്തരവിട്ടത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇവരുടെ അധികാര ദുർവിനിയോഗം ചൂണ്ടിക്കാണിച്ച് കൊണ്ട് സർക്കാർ ഇവർക്കെതിരെ കർശന നടപടി സ്വീകരിച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷമാണ് 54 കാരിയായ റിങ്കു ദുഗ്ഗയും ഭർത്താവും ഐഎഎസ് ഓഫീസറുമായ സഞ്ജീവ് ഖിർവാറും കായിക താരങ്ങളോട് സർക്കാർ നടത്തുന്ന ത്യാഗരാജ് സ്റ്റേഡിയം എത്രയും വേഗം ഒഴിയാൻ ഉത്തരവിട്ടത്. ആ സമയം കായിക താരങ്ങൾ അവരുടെ പരിശീലനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. കായികതാരങ്ങളെ സ്റ്റേഡിയത്തിൽ നിന്ന് ഇറക്കി വിട്ടതിന് ശേഷം തങ്ങളുടെ വളർത്തുനായക്കൊപ്പം ഇവർ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ നടക്കാനിറങ്ങി. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷിച്ച ഡൽഹി ചീഫ് സെക്രട്ടറി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. റിപ്പോർട്ട് റിങ്കു ദുഗ്ഗയ്ക്കും ഭർത്താവ് സഞ്ജീവ് ഖിർവാറിനും എതിരായിരുന്നു. ഇതേത്തുടർന്ന് അടിയന്തര നടപടി എന്ന രീതിയിൽ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും റവന്യൂ വകുപ്പിൽ ഡൽഹി പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഭർത്താവ് സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്കും സ്ഥലം മാറ്റി.

സെപ്റ്റംബർ 26 ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ റിങ്കു ദുഗ്ഗയുടെ നിർബന്ധിത വിരമിക്കൽ സ്ഥിരീകരിച്ചാതയാണ് റിപ്പോർട്ടുകൾ. 1972 -ലെ സെൻട്രൽ സിവിൽ സർവീസസ് (സിസിഎസ്) പെൻഷൻ റൂൾസിൻറെ അടിസ്ഥാന നിയമങ്ങൾ (എഫ്ആർ) 56 (ജെ), റൂൾ 48 അനുസരിച്ചാണ് റിങ്കു ദുഗ്ഗയെ തൻറെ സ്ഥാനം രാജിവയ്ക്കാൻ പ്രേരിപ്പിച്ചതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. റിങ്കു ദുഗ്ഗ 1994 ബാച്ചിൽ പെട്ട AGMUT (അരുണാചൽ പ്രദേശ്-ഗോവ-മിസോറാം, കേന്ദ്ര ഭരണ പ്രദേശം) കേഡർ ഓഫീസറാണ്. ഇവരുടെ ഭർത്താവ് സഞ്ജീവ് ഖിരേവാറും ഇതേ ബാച്ചിൽ നിന്നുള്ളയാളാണ്. റിങ്കു ദുഗ്ഗയോ സഞ്ജീവ് ഖിരേവാറോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement