മയക്കുമരുന്ന് ലഹരിയിൽ പരാക്രമം, പറന്നുയർന്ന വിമാനത്തിൻറെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം

ഗുവാഹത്തി: വിമാനം പറക്കുന്നതിനിടെ എമർജൻസി വാതിൽ തുറക്കാൻ യാത്രക്കാരൻറെ ശ്രമം. ഇൻഡിഗോ വിമാനത്തിലാണ് സംഭവം.

ബിശ്വജിത്ത് ദേബ്നാഥ് എന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചാണ് പരാക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൻറെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി.

ഗുവാഹത്തിയിൽ നിന്ന് അഗർത്തലയിലേക്കുള്ള യാത്രക്കിടെയാണ് യാത്രക്കാരെയാകെ പരിഭ്രാന്തരാക്കിയ സംഭവമുണ്ടായത്. 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 6ഇ-457 എന്ന വിമാനം പറന്നുയർന്ന ശേഷം എമർജൻസി എക്സിറ്റിന് സമീപമിരുന്ന ബിശ്വജിത്ത് അസാധാരണമായി പെരുമാറാൻ തുടങ്ങി. ഇയാൾ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചപ്പോൾ സമീപത്തിരുന്ന യാത്രക്കാരൻ തടയാൻ ശ്രമിച്ചു. എന്നാൽ ബിശ്വജിത്ത് എമർജൻസി എക്സിറ്റ് തുറക്കാനുള്ള ശ്രമം തുടർന്നുകൊണ്ടേയിരുന്നു.

പിന്നാലെ വിമാനത്തിലെ ജീവനക്കാർ ശ്രമിച്ചിട്ടും യുവാവിനെ തടയാനായില്ല. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. എല്ലാവരും കൂടി വലിച്ചിഴച്ചാണ് ഇയാളെ സീറ്റിൽ ഇരുത്തിയത്. വിമാനം അഗർത്തലയിൽ എത്തിയപ്പോൾ ബിശ്വജിത്തിനെ അറസ്റ്റ് ചെയ്തു. ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച്, വിമാനം ലാൻഡ് ചെയ്തപ്പോൾ യാത്രക്കാരനെ അധികൃതർക്ക് കൈമാറിയെന്ന് ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. മറ്റ് യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഇൻഡിഗോ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ബുധനാഴ്ചയും ഇൻഡിഗോ വിമാനത്തിൽ സമാന സംഭവമുണ്ടായി. ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടെയാണ് യാത്രക്കാരനിൽ നിന്ന് അപ്രതീക്ഷിത നീക്കമുണ്ടായത്. മണികണ്ഠൻ എന്നയാളാണ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. ഉടനെ വിമാനത്തിലെ ജീവനക്കാർ ഇയാളെ തടഞ്ഞു. വിമാനം ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർക്ക് ഇയാളെ കൈമാറി. യാത്രക്കാരൻ എന്തിനാണിങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല.

ഈ വർഷം ജൂലൈയിലും സമാനമായ സംഭവമുണ്ടായി. ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ജൂലൈ എട്ടിനായിരുന്നു സംഭവം. 40 കാരനായ യാത്രക്കാരനാണ് ടേക്ക് ഓഫിനിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. സംഭവം പൈലറ്റിനെയും മറ്റ് ജീവനക്കാരെയും യാത്രക്കാരെയും പരിഭ്രാന്തരാക്കി.

Advertisement