സൈക്കിളോടിക്കവേ പീഡനശ്രമം, ഷാൾ പിടിച്ചുവലിച്ച് വീഴ്ത്തി; അക്രമികളുടെ ബൈക്ക് പാഞ്ഞുകയറി 17കാരിക്ക് ദാരുണാന്ത്യം

ലഖ്നൌ: സൈക്കിൾ ഓടിച്ച് വീട്ടിലേക്ക് പോകുന്നതിനിടെ പെൺകുട്ടിയെ ശല്യം ചെയ്ത അക്രമികൾ ഷാൾ പിടിച്ചുവലിച്ച് വീഴ്ത്തി. റോഡിൽ വീണ പെൺകുട്ടിയുടെ മേൽ മോട്ടോർ ബൈക്ക് പാഞ്ഞുകയറി. ഇതോടെ 17കാരിക്ക് ദാരുണാന്ത്യം സംഭവിച്ചു. ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലാണ് സംഭവം.

അക്രമികൾ ഷാൾ പിടിച്ചുവലിച്ചതോടെ പെൺകുട്ടിക്ക് സൈക്കിളിൻറെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഉടനെ കുട്ടി റോഡിലേക്ക് വീണു. പെൺകുട്ടിയെ ശല്യം ചെയ്തവരിൽ ഒരാൾ ഓടിച്ച ബൈക്ക് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം 3:30 ഓടെ പെൺകുട്ടി സ്കൂളിൽ നിന്ന് വീട്ടിലേക്ക് സൈക്കിൾ ഓടിച്ച് പോകുമ്പോൾ മൂന്ന് പേർ ചേർന്ന് ശല്യപ്പെടുത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ഷാനവാസ്, അർബാസ് എന്നീ രണ്ടു പേർ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഷാൾ പിടിച്ചു വലിച്ചെന്നും പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. താഴെ വീണപ്പോൾ ഫൈസൽ എന്നയാൾ പെൺകുട്ടിയുടെ മേൽ ബൈക്ക് ഓടിച്ചുകയറ്റിയെന്നും പിതാവ് നൽകിയ പരാതിയിലുണ്ട്.

പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് ഓഫീസർ സഞ്ജയ് കുമാർ പറഞ്ഞു. പരാതിയിൽ പറയുന്ന പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഓഫീസർ പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement