തമിഴ്നാട് സർക്കാരിൻറെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിക്ക് അവഹേളനം, ദിനമലർ പത്രത്തിനെതിരെ വ്യാപക പ്രതിഷേധം

ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയേ അവഹേളിച്ച് വാർത്ത നൽകിയ ദിനമലർ പത്രത്തിനെതിരെ വ്യാപക പ്രതിഷേധം. പത്രത്തിന്റെ കോപ്പികൾ കത്തിച്ചാണ് പ്രതിഷേധം. ദിനമലർ ഓഫിസുകളുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്.

‘പ്രഭാത ഭക്ഷണ പരിപാടി : വിദ്യാർത്ഥികൾക്ക് ഡബിൾ ശാപ്പാട്, സ്കൂൾ കക്കൂസ് നിറഞ്ഞിരിക്കുന്നു’ എന്നതായിരുന്നു ദിനമലർ പ്രഭാത ഭക്ഷണ പരിപാടിയെ അവഹേളിച്ച് നൽകിയ വാർത്തയുടെ തലക്കെട്ട്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ രൂക്ഷമായ വിമർശനമാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടത്തിയത്.

ഓഗസ്റ്റ് 31നായിരുന്നു വിവാദമായ തലക്കെട്ടുമായി ദിനമലർ പ്രസിദ്ധീകരിച്ചത്. കാലൈ ഉണവു തിട്ടം എന്ന പദ്ധതി വിപുലമാക്കിയാണ് പ്രഭാത ഭക്ഷണ പദ്ധതി ഡിഎംകെ നടപ്പിലാക്കിയത്. പുതിയ പദ്ധതി മൂലം കൂടുതൽ ഭക്ഷണം കഴിക്കുന്ന കുട്ടികൾ കക്കൂസ് കൂടുതലായി ഉപയോഗിക്കുന്നുവെന്ന നിലയിലായിരുന്നു അവഹേളനം. സംസ്ഥാനത്തെ 1543 പ്രൈമറി സ്കൂളുകളിലായി 2022ൽ ആരംഭിച്ച പദ്ധതി 2023ൽ 30122 സർക്കാർ സ്കൂളുകളിലേക്ക് നീട്ടിയിരുന്നു. 500 കോടി രൂപയാണ് പദ്ധതിക്കായി ബജറ്റിൽ നീക്കി വച്ചിരുന്നത്. 1 മുതൽ 5 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

തലക്കെട്ട് വിവാദമായതിന് പിന്നാലെ ദിനമലർ വിശദീകരണവുമായി എത്തിയിട്ടുണ്ട്. ചെന്നൈ, കോയമ്പത്തൂര്, മധുരൈ, തിരുനെൽവേലി എഡിഷനുകളിൽ ഈ തലക്കെട്ട് ഉപയോഗിച്ചിട്ടില്ലെന്നും ഈറോഡ്, സേലം എഡിഷനുകളിൽ മാത്രമാണ് ഈ തലക്കെട്ട് ഉപയോഗിച്ചതെന്നുമാണ് വിശദീകരണം.

വിവാദ തലക്കെട്ടിനെ രൂക്ഷമായ രീതിയിലാണ് ഉദയനിധി സ്റ്റാലിനും വിമർശിച്ചിരിക്കുന്നത്. ദ്രാവിഡ മോഡൽ വിദ്യാഭ്യാസം നിറയുന്നത് കാണുമ്പോൾ ആര്യൻ മോഡൽ ശുചിമുറികൾ നിറയുന്നത് കാണുന്നുവെന്നാണ് ഉദയനിധി സ്റ്റാലിൻ ട്വീറ്ററിൽ പ്രതികരിച്ചത്.

Advertisement