മുസ്ലിം ബാലന്‍റെ മുഖത്തടിച്ചിപ്പ അധ്യാപികയുടെ സ്കൂൾ പൂട്ടി

ലഖ്നൗ: സഹപാഠികളെക്കൊണ്ട് മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച അധ്യാപിക പഠിപ്പിച്ചിരുന്ന സ്കൂൾ താത്കാലികമായി അടച്ചിട്ടെന്ന് അധികൃതർ. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം കഴിയുന്നതു വരെ മുസാഫർനഗറിലെ നേഹ പബ്ലിക് സ്കൂൾ അടച്ചിടാനാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് സ്കൂൾ അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

സ്കൂളിലെ പ്രിൻസിപ്പൽ കൂടിയായ അധ്യാപിക തൃപ്ത ത്യാഗിയാണ് ഏഴു വയസുള്ള കുട്ടിയുടെ മുഖത്ത് സഹപാഠികളെക്കൊണ്ട് അടിപ്പിച്ചത്.

സ്കൂൾ അടച്ചിടുന്നത് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ ഇവരെ അടുത്തുള്ള മറ്റു സ്കൂളുകളിലേക്കു മാറ്റും.

അതേസമയം, കുട്ടിയെ തുടർച്ചയായി അടിക്കുന്ന വീഡിയോ വൈറലായ ശേഷവും, ഇതു നിസാര കാര്യമാണെന്ന നിലപാടിലായിരുന്നു ‘അധ്യാപിക’ തൃപ്ത. ഇവർക്കെതിരേ കേസും രജിസ്റ്റർ ചെയ്തുകഴിഞ്ഞു.

സംഭവത്തിനു പിന്നിൽ മതമില്ലെന്നും, ഹോംവർക്ക് ചെയ്യാത്തതിനാണ് കുട്ടിയെ അടിച്ചതെന്നുമാണ് തൃപ്തയുടെ ന്യായീകരണം. തനിക്ക് നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മറ്റു കുട്ടികളോട് അടിക്കാൻ നിർബന്ധിക്കുകയായിരുന്നു. കുട്ടിയെ കർക്കശമായി കൈകാര്യം ചെയ്യണമെന്ന് വീട്ടുകാർ പ്രത്യേകം നിർദേശിച്ചിട്ടുണ്ടായിരുന്നു എന്നും അവർ പറയുന്നു.

Advertisement