മണിപ്പൂരിലെ സംഘർഷം രൂക്ഷം,പൊലീസ് ആയുധം തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍

ഇംഫാല്‍.മണിപ്പൂരിലെ സംഘർഷം രൂക്ഷം.ബിഷ്ണുപൂർ – ചുരാചന്ദ്പൂർ അതിർത്തിയിൽ ഉണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.കലാപത്തിനിടെ മണിപ്പൂരിൽ കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾ പോലീസ് തിരിച്ചുപിടിക്കുന്നു.ഇരു വിഭാഗങ്ങളുടെ മേഖലകളിൽ നിന്നായി 1195 ആയുധങ്ങൾ പോലീസ് കണ്ടെടുത്തു

പോലീസിൽ നിന്നും സേനയിൽ നിന്നും കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾ തിരിച്ചുപിടിക്കാനുള്ള പരിശോധനകൾ മണിപ്പൂർ പോലീസ് വ്യാപകമാക്കി.മെയ്തെയ് , കുക്കി മേഖലകളിൽ പരിശോധന തുടരുകയാണ്.മെയ്തെയ് മേഖലയിൽ നിന്ന് 1057 ആയുധങ്ങളും 14201 വെടിയുണ്ടകളുo കുക്കി മേഖലകളിൽ നിന്ന് 138 ആയുധങ്ങളും 121 വെടിയുണ്ടകളും കണ്ടെടുത്തു.
ഇംഫാൽ-വെസ്റ്റ് ജില്ലയിലെ ടൂപോക്പി പോലീസ് ഔട്ട്‌പോസ്റ്റിൽ ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചവരിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.ചുരാചന്ദ്പൂർ – ബിഷ്ണുപൂർ മേഖലയിൽ മെയ്തേയി – കുക്കി സംഘർഷത്തിൽ ആറ് പേർക്കാണ് ജീവൻ നഷ്ട്ടമായത്.

സംഘർഷത്തിൽ കുക്കി വിഭാഗത്തിൽ പെട്ടവരാണ് ഒടുവിൽ കൊല്ലപ്പെട്ടത്.കൂട്ട ശവസംസ്കാരത്തെ ചൊല്ലിയുള്ള തർക്കമാണ് മേഖലയിൽ വീണ്ടും സംഘർഷാവസ്ഥയ്ക്ക് കാരണമായത്.മേഖലയിൽ സേനാവിന്യാസം ശക്തമായി തുടരുമ്പോഴും സംഘർഷങ്ങൾക്ക് അയവില്ല

Advertisement