കൊവിഡിന് വീണ്ടും വകഭേദം, അതിവേ​ഗം പടരുന്നു; ഇറിസിനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

ലണ്ടൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ബ്രിട്ടനിലാണ് പുതിയ വകഭേദമായ ഇറിസ് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും ആരോ​ഗ്യപ്രവർത്തകർ ജാ​ഗ്രതയിലാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടനുസരിച്ച് EG.5.1 (ഇറിസ്) വകഭേദം രാജ്യത്ത് അതിവേഗം പടരുകയാണ്. ജൂലൈ 31നാണ് പുതിയ വകഭേദം തിരിച്ചറിഞ്ഞത്. രാജ്യങ്ങളോട് ജാഗ്രത പാലിക്കാനും കൊവിഡ് പെരുമാറ്റം പാലിക്കാനും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിർദേശിച്ചു.

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് -19 കേസുകളുടെ എണ്ണം വർധിക്കുകയാണ്. റെസ്പിറേറ്ററി ഡാറ്റാമാർട്ട് സിസ്റ്റം വഴി റിപ്പോർട്ട് ചെയ്ത 4,396 സാമ്പിളുകളിൽ 5.4% പേർക്കും കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. കൊവിഡ് രോ​ഗികളുടെ അഡ്മിഷൻ നിരക്ക് ജനസംഖ്യയിൽ 1.17 ശതമാനത്തിൽനിന്ന് 1.97 ശതമാനമായി ഉയർന്നു. നിലവിൽ ഏഴ് പുതിയ കോവിഡ് കേസുകളിൽ ഒന്ന് എറിസ് വകഭേദമാണെന്ന് ബ്രിട്ടനിലെ ആരോ​ഗ്യ വിദ​ഗ്ധർ അറിയിച്ചു. ലോകത്താകമാനമായി, പ്രത്യേകിച്ച് ഏഷ്യയിൽ കൊവി‍ഡ് കേസുകൾ വർധിക്കുകയാണ്. തു‌ടർന്നാണ് പുതിയ വകഭേദത്തെ മുന്നറിയിപ്പായി നൽകിയത്.

അതേസമയം, യുകെയിൽ ആശുപത്രി പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ല. യുകെയിലെ ആരോഗ്യ വകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആരോഗ്യ ഏജൻസിയിലെ മെഡിക്കൽ വിദഗ്ധർ ചൂണ്ടിക്കാട്ടി. പ്രായമായവരിൽ, ആശുപത്രി പ്രവേശന നിരക്കുകളിൽ ചെറിയ വർധനവുണ്ട്. ഐസിയു പ്രവേശനത്തിൽ വർധനവ് കാണുന്നില്ല. എന്നാൽ സ്ഥിതി​ഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരും-യുകെഎച്ച്എസ്എയുടെ പ്രതിരോധ കുത്തിവയ്പ്പ് മേധാവി ഡോ മേരി റാംസെ പറഞ്ഞു.

ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങളുണ്ടെങ്കിൽമറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കണമെന്നും അവർ പറഞ്ഞു. ലോക ആരോഗ്യ സംഘടന വൈറസിന്റെ മാറ്റം നിരീക്ഷിക്കുന്നുണ്ടെന്നും നിലവിലെ വാക്സിനേഷൻ മതിയെന്നും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

Advertisement