ഈ വർഷം ഇതുവരെ ഇന്ത്യൻ പൗരത്വം ഉപക്ഷിച്ചവരുടെ കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 87,026 ഇന്ത്യക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി കണക്കുകൾ. ആറ് മാസക്കാലയളവിലെ കണക്കാണിത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആണ് ഇതു സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കിയത്. 2011 മുതൽ ഇതുവരെ 17.50 ലക്ഷത്തിലധികം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായും എസ് ജയശങ്കർ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.

2022ൽ 2,25,620 ഇന്ത്യക്കാരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. 2021-ൽ 1,63,370 പേരും, 2020ൽ 85,256 ഇന്ത്യക്കാരും 2019ൽ 1,44,017 പേരും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് രാജ്യം വിട്ടു. 2018 ൽ, 1,34,5318, ഇന്ത്യക്കാരും പൗരത്വം ഉപേക്ഷിച്ചതായും വിദേശകാര്യ മന്ത്രി ലോക്‌സഭയെ അറിയിച്ചു.

വലിയൊരു വിഭാഗം ഇന്ത്യൻ പൗരന്മാർ ആഗോള തൊഴിലിടങ്ങൾ തേടിപ്പോകുന്നുണ്ട്. കൂടാതെ പഠനത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരിൽ പലരും വ്യക്തിപരമായ സൗകര്യാർത്ഥം വിദേശ പൗരത്വം സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞു. പ്രവാസികളുമായുള്ള ഇടപെടലിൽ സർക്കാർ പരിവർത്തനപരമായ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും, വിദേശത്തുള്ള ഇന്ത്യൻ സമൂഹം രാജ്യത്തിന്റെ സമ്പത്താണെന്നും, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജോലിക്കും, പഠന ആവശ്യങ്ങൾക്കുമായി വിദേശത്തേക്ക് പോവുകയും, തുടർന്ന് വിദേശ പൗരത്വം സ്വീകരിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുന്നുണ്ടെന്നതാണ് വാസ്തവം. കൂടാതെ കുടുംബമായി വിദേശ രാജ്യങ്ങളിൽ കുടിയേറുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. എന്നാൽ വിദേശപൗരത്വം നേടുന്നവരുടെ എണ്ണത്തിൽ വർഷം തോറും വർദ്ധനവുണ്ടാകുന്നുണ്ടെങ്കിലും കൊവിഡ് മഹാമാരിക്കാലത്ത് വിദേശ രാജ്യങ്ങൾ തേടിപ്പോകുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു.

Advertisement