‘സച്ചിനൊപ്പം സച്ചിൻറെ വീട്ടിൽ ഭാര്യയായി ജീവിക്കണം’; രാഷ്ട്രപതിക്ക് ദയാഹർജി നൽകി സീമാ ഹൈദർ

ന്യൂഡൽഹി: പങ്കാളിയുമൊത്ത് അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സീമാ ഹൈദർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ദയാ ഹർജി നൽകി. സുപ്രീം കോടതി അഭിഭാഷകൻ എ പി സിംഗ് സമർപ്പിച്ച ഹർജി രാഷ്ട്രപതി സെക്രട്ടേറിയറ്റിൽ സ്വീകരിച്ചു. ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന സച്ചിൻ മീണയുമായി (22) താൻ പ്രണയത്തിലാണെന്നും അവനോടൊപ്പം താമസിക്കാനാണ് നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയതെന്നും ഹർജിയിൽ സീമാ ഹൈദർ പറയുന്നു.

നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള പശുപതിനാഥ് ക്ഷേത്രത്തിൽ വച്ച് താൻ ഹിന്ദുമതം സ്വീകരിച്ചതായും ഹിന്ദു ആചാരപ്രകാരം സച്ചിനെ വിവാഹം കഴിച്ചതായും സീമ അവകാശപ്പെടുന്നു. രാഷ്ട്രപതി കരുണ കാണിച്ചാൽ ഭർത്താവിനും നാലുകുട്ടികൾക്കുമൊപ്പം ഇന്ത്യയിൽ അന്തസ്സോടെ ജീവിക്കാമെന്നും സീമാ ഹൈദർ ​ഹർജിയിൽ പറഞ്ഞു. അതിനിടെ, സീമ ഹൈദർ അസുഖ ബാധിതയാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നാണ് കാമുകനെ തേടി സീമാ ഹൈദർ ഇന്ത്യയിലെത്തിയത്. 2019ൽ ഓൺലൈൻ ഗെയിം പബ്ജിയിലൂടെയാണ് ഇരുവരും അടുക്കുന്നതും പ്രണയത്തിലാകുന്നതും. മെയ് 13 ന് നേപ്പാൾ വഴി ബസിൽ നാല് കുട്ടികളോടൊപ്പം അനധികൃതമായി ഇന്ത്യയിലേക്ക് കടന്നു. പിന്നീട് സച്ചിനൊപ്പം ഗ്രേറ്റർ നോയിഡയിലെ റബുപുര പ്രദേശത്ത് താമസിക്കുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. ജൂലൈ നാലിന് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് സീമ ഹൈദറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകിയതിന് സച്ചിൻ മീണയെയും കസ്റ്റഡിയിലെടുത്തു. ജൂലൈ ഏഴിന് പ്രാദേശിക കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചു. ഇപ്പോൾ റാബുപുരയിലെ വീട്ടിൽ നാല് കുട്ടികളോടൊപ്പം ഇരുവരും ഒരുമിച്ച് താമസിക്കുകയാണ്.

ഉത്തർപ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇരുവരെയും ചോദ്യം ചെയ്തിരുന്നു. തനിക്ക് പാകിസ്ഥാനിലേക്ക് മടങ്ങാൻ താൽപ്പര്യമില്ലെന്നും മീണയ്‌ക്കൊപ്പം ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു. താൻ ഹിന്ദുമതം സ്വീകരിച്ചെന്നും അവർ അവകാശപ്പെട്ടു. സീമാ ഹൈദർ പാകിസ്ഥാൻ വിട്ടതിന് കാരണം പ്രണയം മാത്രമാണെന്ന് പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾ രാജ്യത്തെ സർക്കാരിനെ അറിയിച്ചതായി പാകിസ്ഥാൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

Advertisement