​ഗോവയിൽ ടോപ്പഴിച്ച് കാറോടിച്ച് യുവതി, ദൃശ്യങ്ങൾ വൈറൽ; ആഭാസരായ ടൂറിസ്റ്റുകൾ വേണ്ടെന്ന് എംഎൽഎ

പനാജി: ​ഗോവയിലെ പ്രശസ്തമായ പരാ റോഡിൽ വസ്ത്രമഴിച്ച് കാർ ഡ്രൈവ് ചെയ്ത് യുവതി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. വിവാദമായതിനെ തുടർന്ന് പ്രതിപക്ഷ എംഎൽഎ കാർലോസ് ആൽവാരസ് ഫെറീറ സംഭവം നിയമസഭയിൽ ഉന്നയിച്ചു.

ഇത്തരം ആഭാസരായ വിനോദ സഞ്ചാരികൾ ​ഗോവയിലേക്ക് വരേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. ‘​ഗോവയിലെ പ്രശസ്തമായ പരാ റോഡിലൂടെ യുവതി ടോപ് ലെസായി കാറോടിച്ചുപോകുന്ന വീഡിയോ ഞാൻ കണ്ടു. വിനോദ സഞ്ചാരികൾ വാഹനം നിർത്തി ഫോട്ടോയെടുക്കുന്നു. ഇത്തരം ആഭാസരായ വിനോദ സഞ്ചാരികൾ നമുക്ക് വേണോയെന്ന് ആലോചിക്കണം. വിനോദ സഞ്ചാരികളുടെ ഇത്തരം പ്രവൃത്തികളൊന്നും അം​ഗീകരിച്ച് കൊടുക്കരുത്. ഇത്തരം കാര്യങ്ങൾ അനുവദിച്ച് നൽകിയാൽ നമ്മുടെ വിനോദസഞ്ചാര മേഖലയുടെ ​ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കും’- എംഎൽഎ പറഞ്ഞു.

​ഗോവയിലെ ഏറെ ജനത്തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് പരാ റോഡ്. നിരവധി സിനിമകൾക്കും ടിവി സീരിയലുകൾക്കും ലൊക്കേഷനാകുന്ന സ്ഥലമാണിതെന്ന പ്രത്യേകതയുമുണ്ട്. സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധി പേർ യുവതിയുടെ പ്രവൃത്തിയെ വിമർശിച്ച് രം​ഗത്തെത്തിയപ്പോൾ ചിലർ പുകഴ്ത്തിയും രം​ഗത്തെത്തി.

Advertisement