മഹാരാഷ്ട്രയിലെ റായ്ഗഡിൽ ഉരുൾപൊട്ടൽ; അഞ്ച് മരണം, നൂറിലധികം പേരെ കാണാതായി

മഹാരാഷ്ട്ര: കനത്ത മഴയിൽ മഹാരാഷ്ട്രയിലെ റായ്ഗഡിൽ ഉരുൾപൊട്ടി അഞ്ച് പേർ മരിച്ചു. നിരവധി വീടുകൾ തകർന്നു. 20ലധികം വീടുകൾ മണ്ണിനടിയിലാണ്. നൂറിലധികം പേരെ കാണാതായിട്ടുണ്ട്. അഞ്ച് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. പ്രദേശത്ത് ദുരന്തനിവാരണ സേനകളുടെ അടക്കം രക്ഷാപ്രവർത്തനം നടക്കുകയാണ്. 

ഇന്നലെ രാത്രി പത്തരയ്ക്കും 11 മണിക്കുമിടയിലാണ് സംഭവം. രക്ഷപ്പെടുത്തിയ 20 പേരെ നവി മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൗക്ക് ഗ്രാമത്തിൽ നിന്ന് ആറ് കിലോമീറ്റർ അകലെ മോർബെ ഡാമിന് മുകളിലുള്ള മലയോര മേഖലയിലാണ് ഉരുൾപൊട്ടലുണ്ടായത്.

അറുപത് ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഇതിൽ ഭൂരിഭാഗം വീടുകളും മണ്ണിനടിയിലായി. തുടർച്ചയായി പെയ്യുന്ന മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

Advertisement