ഛത്തീസ്ഗഢിലെ ബസ്തറിൽ മാവോയിസ്റ്റ് ആക്രമണം; 10 പൊലീസുകാരടക്കം 11 പേർ കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകൾ നടത്തിയ കുഴിബോംബാക്രമണത്തിൽ 10 ​പൊലീസുകാരും ഡ്രൈവറായിരുന്ന നാട്ടുകാരനും കൊല്ലപ്പെട്ടു. പ്രശ്ന ബാധിത മേഖലയായ ദണ്ഡേവാദയിലെ ബസ്തറിൽ ആറൻപൂർ പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം.

ആറൻപൂരിലെ മാവോവാദി സാന്നിധ്യത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിസ്ട്രിക്റ്റ് റിസർവ് ​ഗാർഡ് (ഡി.ആർ.ജി) സംഘമാണ് ആക്രമണത്തിനിരയായത്. മാവോയിസ്റ്റുകൾക്കെതിരായ ദൗത്യങ്ങൾക്ക് പ്രത്യേക പരിശീലനം ലഭിച്ച ഗോത്രവർഗക്കാരുൾപ്പെ​ട്ട നാട്ടുകാരാണ് ഡിസ്ട്രിക്റ്റ് റിസർവ് ​ഗാർഡ്. ബസ്തറിൽ മാവോയിസ്റ്റുകൾക്കെതിരായ നിരവധി നീക്കങ്ങളിൽ ഡി.ആർ.ജി പ്രധാന സാന്നിധ്യമാണ്.

ആറൻപൂരിലെത്തി മടങ്ങുന്നതിനിടെ റോഡിൽ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നേയുള്ളൂ. ആക്രമണത്തിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ നടുക്കം രേഖപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ബാഗേലിനെ വിളിച്ച് വിഷയങ്ങൾ അന്വേഷിച്ചു.

പതിറ്റാണ്ടുകളായി മാവോയിസ്റ്റുകൾക്ക് സ്വാധീനമുള്ള മേഖലയാണ് ദണ്ഡേവാദ മേഖല. ഇവിടെ സൈനിക സാന്നിധ്യവും നീക്കങ്ങളും ശക്തമാണെങ്കിലും പതിയിരുന്നുള്ള മാവോയിസ്റ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സംഭവങ്ങളും അനവധി.

Advertisement