ബജറ്റ് അവതരിപ്പിക്കാൻ തടസ്സമില്ലെന്ന് തെലങ്കാന ഗവർണർ; ഹര്‍ജി പിൻവലിച്ച് സർക്കാർ

ഹൈദരാബാദ്: തെലങ്കാനയിൽ ബജറ്റ് അവതരിപ്പിക്കാൻ തടസ്സം ഉണ്ടാകില്ലെന്ന് ഗവർണർ തമിഴിസൈ സൗന്ദരരാജൻ. ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ച് ബജറ്റ് അവതരണം നടക്കുമെന്ന് ഗവർണറുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് ഗവർണർക്കെതിരായ ഹർജി സംസ്ഥാന സർക്കാർ പിൻവലിച്ചു. ബജറ്റ് അവതരിപ്പിക്കാൻ അനുമതി നൽകണമെന്ന് ഗവർണറോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നു രാവിലെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

തെലങ്കാനയിൽ ഗവർണർ – സർക്കാർ പോര് പരസ്യം; രാജ്ഭവനിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി
സുപ്രീം കോടതി അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് സംസ്ഥാന സർക്കാരിനായി ഹാജരായത്. നയപ്രഖ്യാപന പ്രസംഗത്തിന് അവസരം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഇതു സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് മറുപടി ലഭിക്കാത്തതിനാലാണ് ബജറ്റിന് അനുമതി നൽകുന്നത് നീണ്ടുപോകുന്നതെന്നും ഗവർണറുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ നയപ്രഖ്യാപന പ്രസംഗവും ബജറ്റും രണ്ടാണെന്ന് ദുഷ്യന്ത് ദവെ കോടതിയിൽ വിശദീകരിച്ചു

ജനുവരി മൂന്നാം ആഴ്ച തന്നെ ബജറ്റിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട ഫയലുകൾ ഗവർണറുടെ ഓഫിസിലേക്ക് അയച്ചിരുന്നു. എന്നാൽ അനുമതി നൽകാൻ ഗവർണർ തയാറാകാത്തതിനാലാണ് കോടതിയെ സമീപിച്ചത്. വെള്ളിയാഴ്ചയാണ് ബജറ്റ് അവതരിപ്പിക്കേണ്ടത്. ധനമന്ത്രി ടി. ഹരിഷ് റാവുവാണ് ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് അവതരിപ്പിക്കാൻ നാലു ദിവസം മാത്രമേ ശേഷിക്കുന്നുള്ളുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് രാജ്ഭവനിൽ നിന്ന് യാതൊരു വ്യക്തതയും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട വിശദാശംങ്ങൾ ഗവർണറുടെ ഓഫിസ് തേടി. ബജറ്റിന് മുന്നോടിയായുള്ള പ്രസംഗത്തിന്റെ കോപ്പിയും ഗവർണറുടെ ഓഫിസ് ആവശ്യപ്പെട്ടു.

Advertisement