അഞ്ജലിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകളില്ല’: പീഡനാരോപണം തള്ളി പോസ്റ്റ്‌മോ‌ർട്ടം റിപ്പോർട്ട്

ന്യൂഡൽഹി: കാഞ്ചവാലയിൽ കാറിടിച്ചു കൊല്ലപ്പെട്ട യുവതി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരിച്ച അമൻ വിഹാർ സ്വദേശി അഞ്ജലി സിങ്ങിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. മൗലാന ആസാദ് മെഡിക്കൽ കോളജിലെ മെഡിക്കൽ ബോർഡാണ് അഞ്ജലിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. റിപ്പോർട്ട് ഉടൻ പൊലീസിനു കൈമാറുമെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

കൂടുതൽ പരിശോധനകൾക്കായി സ്രവ സാംപിളുകളും ജീൻസിന്റെ ഭാഗങ്ങളും സൂക്ഷിച്ചിട്ടുണ്ട്. മറ്റൊരു ‘നിർഭയ’ എന്നുവരെ ആരോപണം ഉയർന്ന സംഭവത്തിൽ പീഡനാരോപണം പരിശോധിക്കുമെന്നു ഡൽഹി സ്പെഷൽ കമ്മിഷണർ സാഗർ പ്രീത് ഹൂഡ വിശദീകരിച്ചിരുന്നു. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിലാണ് അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ കാഞ്ചവാലയിൽ കണ്ടെത്തിയത്. ഇതോടെയാണ് അപകടത്തിനുശേഷം അഞ്ജലി പീഡനത്തിന് ഇരയായതായി ആരോപണമുയർന്നത്.

അറസ്റ്റിലായ അഞ്ച് പ്രതികൾക്കെതിരെ ബലാത്സംഗക്കുറ്റമുൾപ്പെടെ ചുമത്തണമെന്നും ഇല്ലെങ്കിൽ മൃതദേഹം സംസ്കരിക്കില്ലെന്നും അഞ്ജലിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. കാർ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണൻ (27), മിഥുൻ (26), മനോജ് മിത്തൽ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്.

യുവതി കാറിനടിയിൽ കുടുങ്ങിയത് കണ്ടിരുന്നില്ലെന്നാണ് ഇവരുടെ മൊഴി. ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അഞ്ജലി, അമ്മയും മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരും ഉൾപ്പെടുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു. പിതാവ് ഏതാനും വർഷം മുൻപു മരിച്ചു.

അപകടസമയത്ത് അഞ്ജലിയുടെ സുഹൃത്തായ നിധി എന്ന പെൺകുട്ടിയും ഒപ്പമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. അപകടത്തിൽ പരുക്കേൽക്കാതിരുന്ന നിധി, സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. നിധിയെ കേസിൽ ദൃക്സാക്ഷിയാക്കുമെന്നും ഇവരുടെ മൊഴി നിർണായകമാകുമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

അഞ്ജലിയും നിധിയും പുതുവത്സര ആഘോഷത്തിന് ശേഷം ഹോട്ടലിൽനിന്ന് പുറത്തേക്ക് വരുന്നതിൻറെയും സ്കൂട്ടറിൽ ഒരുമിച്ച് മടങ്ങുന്നതിൻറെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആദ്യം നിധിയാണ് വാഹനമോടിച്ചത്. വഴിയിൽവച്ച് അഞ്ജലി ഡ്രൈവിങ് ഏറ്റെടുക്കുകയായിരുന്നു. ആഘോഷത്തിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായും ഇതിന് ശേഷമാണ് സ്കൂട്ടറിൽ മടങ്ങിയതെന്നും ഹോട്ടൽ മാനേജർ പറഞ്ഞു.

Advertisement