മൂന്ന് വയസ്സുകാരിയെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട് യുവതി– ഞെട്ടിക്കുന്ന വിഡിയോ

ന്യൂയോർക്ക്: മൂന്ന് വയസുകാരിയെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിടുന്ന സ്ത്രീയുടെ ഞെട്ടിക്കുന്ന വിഡിയോ വൈറലാകുകയാണ്. അമേരിക്കയിലെ ഒറിഗോണിലെ നോർത്ത് ഈസ്റ്റ് പോർട്ട്‌ലാൻഡിലുള്ള ഗേറ്റ്‌വേ ട്രാൻസിറ്റ് സെന്റർ മാക്‌സ് പ്ലാറ്റ്‌ഫോമിലാണ് സംഭവം.

32 കാരിയായ യുവതി പ്ലാറ്റ്‌ഫോമിലെ ബെഞ്ചിൽ നിന്ന് ചാടി എഴുന്നേൽക്കുന്നതും പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിടുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഭാഗ്യത്തിന് ആ സമയത്ത് ട്രെയിനൊന്നും വന്നില്ല. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.

ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്ത വിഡിയോ നിരവധി ആളുകളാണ് കണ്ടത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇവർ കുഞ്ഞിനെ തള്ളിയിട്ടത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ സ്ത്രീയുടെ മനുഷ്യത്വരഹിതമായ പ്രവൃത്തിയെ വിമർശിച്ചു.

കുട്ടിയുടെ തലയിലും വയറിലും പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തലയ്ക്ക് പരിക്കേറ്റതിനാൽ പെൺകുട്ടിക്ക് ഇടയ്ക്കിടെ തലവേദന ഉണ്ടാകാം, പക്ഷേ അവൾ ഉടൻ സുഖം പ്രാപിക്കുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു, ഡിസംബർ 29 നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. മുൻപും പലതവണ ഇവർ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, യുവതി 32 കാരിയായ ബ്രയാന വർക്ക്മാൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Advertisement