നികുതി അടയ്ക്കാൻ താജ് മഹലിന് നോട്ടിസ്; നടപടി തെറ്റെന്ന് ആർക്കിയോളജിക്കൽ സർവേ

ലക്നൗ: യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽപ്പെട്ട ഇന്ത്യൻ വിസ്മയം താജ് മഹലിന്, 370 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പ്രോപ്പർട്ടി ടാക്സും വെള്ളക്കരവും ചുമത്തി. നടപടി തെറ്റാണെന്നും ഉടൻതന്നെ പിൻവലിക്കുമെന്നു കരുതുന്നെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ഉദ്യോഗസ്ഥർ പറഞ്ഞു.

ഉത്തർ പ്രദേശിലെ ആദിത്യനാഥ് സർക്കാരിന്റെ വിവിധ വകുപ്പുകളിൽനിന്ന് താജ് മഹലിനു രണ്ടും ആഗ്ര കോട്ടയ്ക്ക് ഒന്നും വീതം നോട്ടിസ് ലഭിച്ചതായി ആഗ്രയിലെ എഎസ്ഐയുടെ ആർക്കിയോളജിസ്റ്റ് സൂപ്രണ്ട് രാജ് കുമാർ പട്ടേൽ സ്ഥിരീകരിച്ചു. താജ് മഹലിന്റെ പിഴയിനത്തിൽ ഒരു കോടിയിലേറെ രൂപയും ആഗ്ര കോട്ടയ്ക്ക് അഞ്ച് കോടി രൂപയും അടയ്ക്കണമെന്നാണ് ആവശ്യം.

‘‘എന്തെങ്കിലും തെറ്റുപറ്റിയതാകും. ചരിത്ര സ്മാരകങ്ങൾക്ക് നികുതി ബാധകമല്ല. മറ്റു സംസ്ഥാനങ്ങളിലേതുപോലെതന്നെ ഉത്തർപ്രദേശിലെ നിയമങ്ങളിലും ഇതുൾപ്പെടുത്തിയിട്ടുണ്ട്. വെള്ളക്കരത്തിന്റെ കാര്യത്തിൽ ഇത്രയും വർഷം അങ്ങനൊരു ആവശ്യം ഉയർന്നുവന്നിട്ടില്ല. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ കണക്‌ഷൻ സ്മാരകങ്ങൾക്ക് എടുത്തിട്ടില്ല’’ – പട്ടേൽ പറഞ്ഞു.

മുഗൾ ചക്രവർത്തി അക്ബർ നിർമിച്ച, 1638 വരെ മുഗൾ ഭരണാധികാരികളുടെ പ്രധാന വസതിയായിരുന്ന ആഗ്ര കോട്ടയും യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽപ്പെടുന്നതാണ്. ആഗ്രയിൽനിന്ന് തലസ്ഥാനം ഡൽഹിയിലേക്കു മാറ്റിയതിനുപിന്നാലെയാണ് കോട്ടയുടെ പ്രാധാന്യം കുറഞ്ഞത്.

അതേസമയം, നോട്ടിസ് അയച്ചത് ആരെന്നും എന്തിനെന്നും അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് ആഗ്ര മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. സർക്കാരിന്റെ നോട്ടിസുകൾ കൈകാര്യം ചെയ്യാൻ കരാർ ഏറ്റെടുത്തിരിക്കുന്നത് ഒരു സ്വകാര്യ കമ്പനിയാണെന്നും ഈ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Advertisement