ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 30 പേർക്ക് പരിക്ക്, നിരവധി പേർ ഗുരുതരാവസ്ഥയിൽ

ഔറംഗാബാദ്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം. 30 ലേറെ പേർക്ക് പരിക്കേറ്റു. 10 ലേറെ പേർ ഗുരുതരാവസ്ഥയിലാണെന്നുമാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബിഹാറിലെ ഔറംഗാബാദിൽ ഛാത് പൂജക്കിടെ ആണ് അപകടമുണ്ടായത്.

ഔറംഗബാദിലെ ഷാഹ്ഗഞ്ച് മേഖലയിലാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലർച്ചെ 2.30ന് ഒരു കുടംബം ഛാത് പൂജക്ക് വേണ്ടി വീട്ടിൽ വെച്ച് പ്രസാദം പാചകം ചെയ്യുന്നതിനിടെയാണ് ദുരന്തം. ഷോർട് സർക്യൂട്ട് മൂലം ഗ്യാസ് സിലിണ്ടറിന് തീപിടിക്കുകയും ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയും അത് വൻ തീപിടിത്തത്തിന് ഇടയാക്കുകയുമായിരുന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും തീയണക്കാൻ ശ്രമം തുടരുകയാണ്. തീയണക്കാൻ ശ്രമിച്ച ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്കും പൊള്ളലേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ ഔറംഗാബാദ് സർദാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പലരെയും സ്വകാര്യ നഴ്സിങ് ഹോമുകളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെങ്കിൽ കൂടുതൽ അന്വേഷണം നടക്കണമെന്ന് സിറ്റി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‍പെക്ടർ വിനയ് കുമാർ പറഞ്ഞു. എന്നാൽ അപകടം നടന വീട്ടിലെ അംഗമായ അനിൽ ഗോസാമി പറയുന്നതനുസരിച്ച് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement