ബ്രിട്ടനിൽ പുതിയ കോവിഡ് വകഭേദങ്ങൾ പടരുന്നു; വാക്സിനുകൾ ഫലപ്രദമാവില്ലെന്ന് മുന്നറിയിപ്പ്

ലണ്ടൻ: രാജ്യത്ത് കോവിഡിന്റെ രണ്ട് പുതിയ വകഭേദങ്ങൾ പടരുന്നതായി ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്. ബി.ക്യു 1, എക്സ്.ബി.ബി എന്നീ വകഭേദങ്ങളാണ് വ്യാപിക്കുന്നത്. ബി.ക്യു.1ന്റെ 700ഓളം കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എക്സ്.ബി.ബി വകഭേദം 18 പേർക്കാണ് ബാധിച്ചത്.

നിലവിലുള്ള വാക്സിനുകൾ പുതിയ വകഭേദങ്ങൾക്കെതിരെ ഫലപ്രദമാവില്ലെന്നാണ് മുന്നറിയിപ്പ്. ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് ഇവ രണ്ടുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. വകഭേദങ്ങൾ യൂറോപ്പിൽ കോവിഡിന്റെ പുതിയ തരംഗത്തിന് കാരണമായേക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. നവംബർ അവസാനത്തോടെ യൂറോപ്പിനൊപ്പം വടക്കൻ അമേരിക്കയിലും പുതിയ കോവിഡ് തരംഗമുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.

ആരോഗ്യവകുപ്പ് പുതിയ വകഭേദങ്ങളെ സംബന്ധിക്കുന്ന പഠനങ്ങൾ തുടരുകയാണ്. ഉപ​വ​കഭേദങ്ങൾ അതിവേഗം പടരുമെന്ന് കോവിഡിനെ തുടക്കത്തിൽ മുതൽ പഠിക്കുന്ന യൂനിവേഴ്സിറ്റി ഓഫ് ബാസലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിൽ എക്സ്.ബി.ബി വകഭേദം ഇന്ത്യയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പശ്ചിമബംഗാൾ, ഒഡീഷ, തമിഴ്നാട്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കോവിഡിനെതിരായ ജാഗ്രത കൂടുതൽ ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞിരുന്നു. സിംഗപ്പൂരിലാണ് ഈ കോവിഡ് വകഭേദം ആദ്യമായി കണ്ടെത്തിയത്. അതേസമയം, പ്രതിദിനം 2000 കോവിഡ് കേസുകളാണ് ഇന്ത്യയിൽ നിലവിൽ റിപ്പോർട്ട് ചെയ്യുന്നത്.

Advertisement